നാദാപുരം: (nadapuram.truevisionnews.com) നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ, വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ നാദാപുരം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ സ്ക്വാഡ് വ്യാപക പരിശോധന നടത്തി. കല്ലാച്ചി, നാദാപുരം ടൗണുകളിലെ വിവിധ കടകളിലായിരുന്നു പരിശോധന.
മൂന്ന് സ്ഥാപനങ്ങളിൽ നിന്നായി 56.35 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളും, 500 മില്ലിലിറ്ററിൽ താഴെയുള്ള 2065 കുപ്പിവെള്ളവുമാണ് സ്ക്വാഡ് പിടിച്ചെടുത്തത്. നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്ക് 65,000 രൂപ പിഴ ചുമത്തി.



ഇന്റേണൽ വിജിലൻസ് ഓഫീസർ അനിൽകുമാർ നൊച്ചിയിൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.പി. രജുലാൽ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഹരിതകർമ്മ സേനയുടെ സഹായത്തോടെയാണ് പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചത്.
നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് പുറമെ, ചട്ടങ്ങൾ ലംഘിച്ച് വിൽപനയ്ക്ക് വെച്ച 500 മില്ലിലിറ്ററിൽ താഴെയുള്ള രണ്ടായിരത്തിലധികം കുപ്പിവെള്ളവും പിടിച്ചെടുത്തത് അധികൃതർ ഗൗരവത്തോടെയാണ് കാണുന്നത്.
പരിസ്ഥിതി സൗഹൃദപരമായ സമീപനം ഉറപ്പാക്കുന്നതിനായി വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർ സീന എം, തൂണേരി ബ്ലോക്ക് പഞ്ചായത്ത് ജോയിൻ്റ് ബി. ഡി. ഒ ശ്രീജേഷ്, പഞ്ചായത്ത് ജീവനക്കാരായ സജീവൻ കെ, ബിജു കെ .ടി എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിലും കർശന പരിശോധന നടത്തുമെന്നു സെക്രട്ടറി അറിയിച്ചു.
Special squad for 'plastic hunt'; Banned plastic products seized in Nadapuram













































