നാദാപുരം: (https://nadapuram.truevisionnews.com/) മുമ്പൊരു ജില്ലാ കലോത്സവം പുതുപാഠങ്ങൾ തീർത്ത നാദാപുരത്തിൻ്റെ മണ്ണിൽ മാനവ സൗഹൃദത്തിൻ്റെ പുതു ചരിതം കൂടി തീർത്ത് നാദാപുരം സബ് ജില്ലാ കലോത്സവത്തിന് ഇന്ന് സമാപനമാകും.
നാലുനാൾ നാടിന് ആഘോഷമായിരുന്നു .നാദാപുരം സബ് ജില്ലാ സ്കൂൾ കലോത്സവം അഭൂതപൂർവ്വമായ ജനസഞ്ചയത്തിന് സാക്ഷ്യം വഹിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നാദാപുരത്തിന്റെ മണ്ണിനെ ഇളക്കിമറിച്ച കൗമാരകലാമേള, അവിസ്മരണീയമായ നിരവധി നിമിഷങ്ങൾ സമ്മാനിച്ചാണ് മറ്റൊരു നനുത്ത ഓർമ്മയിലേക്ക് മറയുന്നത്.
കലാലോകത്തെ ഭാവി വാഗ്ദാനങ്ങൾ അരങ്ങിലെത്തിയപ്പോൾ, ഓരോ വേദിയും ആവേശത്തിന്റെ കൊടുമുടിയിലായിരുന്നു. നൃത്തവേദിയിലെ വിസ്മയങ്ങൾ കാണാനും, മണവാട്ടിമാരെയും തോഴിമാരെയും കൊണ്ട് മതിമറന്നാടിയ ഒപ്പനയുടെ ചടുലത ആസ്വദിക്കാനും, സാമൂഹിക മാറ്റത്തിന് സന്ദേശം നൽകിയ നാടകവേദിക്ക് കൈയടിക്കാനുമായി ഇന്നലെ നൂറുകണക്കിന് ആളുകളാണ് ഒഴുകിയെത്തിയത്.
സമാപന നാളിൽ പാരമ്പര്യത്തിന്റെ തിളക്കം നൽകുന്ന പരിപാടികൾ അരങ്ങേറും. കലോത്സവത്തിന്റെ അവസാന ദിനമായ ഇന്ന്, പ്രാധാന്യം നൽകിയിരിക്കുന്നത് പാരമ്പര്യത്തിന്റെയും ഗോത്രങ്ങളുടെയും തനത് കലാരൂപങ്ങൾക്കാണ്. കേരളത്തിന്റെ മണ്ണിൽ അലിഞ്ഞുചേർന്ന വിവിധ കലാരൂപങ്ങൾ ഇന്ന് അവസാനമായി അരങ്ങു തകർക്കും.



ഗോത്ര സംസ്കൃതിയുടെ ഈണങ്ങളും ചുവടുകളുമായി മംഗല നൃത്തവും പണിയ നൃത്തവും വേദികളിൽ പീലി വിടർത്തിയാടും. പഴമയുടെ തനിമയോടെ പരിചമുട്ടുകളിയുടെയും പൂരക്കളിയുടെയും ആയോധന താളങ്ങൾ.
ഇതിഹാസ കഥാപാത്രങ്ങൾ അരങ്ങുവാഴുന്ന ചവിട്ടുനാടകവും യക്ഷഗാനവും ഉൾപ്പെടെയുള്ള പാരമ്പര്യ കലാരൂപങ്ങൾ കാഴ്ചക്കാർക്ക് നവ്യാനുഭവമാകും.
കലയുടെ ഈ മഹാപ്രവാഹം സമ്മാനിച്ച ഊർജ്ജവും, ഓർമ്മകളിൽ സൂക്ഷിക്കാനുള്ള നല്ല മുഹൂർത്തങ്ങളുമായി കലോത്സവം മാറിയപ്പോൾ അതിൽ സംഘാടകരായി പ്രവർത്തിച്ച എല്ലാവർക്കും അഭിമാനിക്കാം.
Nadapuram Sub-District Kalolsavam concludes today


































