വടകര:(https://vatakara.truevisionnews.com/)അശാസ്ത്രീയ മത്സ്യബന്ധനം നടത്തിയതിനു രണ്ട് തോണികൾ തീരദേശ പൊലിസും മറൈൻ എൻഫോഴ്സസ്മെന്റ്റ് യൂണിറ്റും ചേർന്ന് പിടികുടി.പ്ലാസ്റ്റിക് ബോട്ടിലുകൾ, മരച്ചില്ലുകൾ തുടങ്ങിയവ ഉപയോഗിച്ചാണ് അശാസ്ത്രീയ മത്സ്യബന്ധനം നടത്തിയത്.
തിങ്കളാഴ്ച പുലർച്ചെ 2.30 ന് നടത്തിയ പരിശോധനയിലാണ് ആവിക്കൽ ഭാഗത്തുനിന്ന് തോണികൾ പിടികൂടിയത്. തമിഴ്നാട് സ്വദേശിയായ ആന്റണി അടിമയുടെ എഫ്ആർ പി വി ബെന്നി, കൊല്ലം ഫിഷർമെൻ കോളനിയിലെ രാംജുസിൻ്റെ അണ്ണയി വേളാങ്കണ്ണി എന്നീ തോണികളാണ് പിടികൂടിയത്.
വലിയ തോതിൽ പ്ലാസ്റ്റിക് ബോട്ടിലുകൾ, മരച്ചില്ലകൾ, പൂഴിച്ചാക്ക്, എന്നിവ കടലിൽ നിക്ഷേപിച്ച് കൃത്രിമമായി പാരുകൾ നിർമിച്ചു നടത്തുന്ന മത്സ്യ ബന്ധനം നിയമപ്രകാരം നിരോധിച്ചിട്ടുണ്ട്.
ആവിക്കൽ ഭാഗത്തുള്ള ഷംസുദ്ദീൻ, അബു ബക്കർ എന്നീ ഏജന്റുമാരാണ് ഇത്തരം നിയമവിരുദ്ധ മീൻപിടി ത്തത്തിന് സാമഗ്രികൾ എത്തിച്ചു നൽകി സഹായിക്കുന്നതെന്ന് അധികൃതർ കണ്ടെത്തി. പയ്യോളി ആവിക്കൽ ബിച്ച് കേന്ദ്രീകരിച്ചാണ് ഇത്തരം മത്സ്യബന്ധനം കൂടുതലായി കാണാൻ സാധിക്കുന്നത്.


അശാസ്ത്രീയവും മത്സ്യസമ്പത്തിന് നാശം വരുത്തുന്നതുമായ ഇത്തരം മീൻപിടിത്തം തുടർന്നും നടത്തിയാൽ കെഎംഎഫ്ആർ ആക്ട് പ്രകാരം നടപടി സ്വീകരിക്കുന്നതാണെന്ന് ഫിഷറീസ് അധികൃതർ അറിയിച്ചു.
വടകര തീരദേശ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി എസ് ദീപു, മറൈൻ സബ് ഇൻസ്പെക്ടർ രാജേഷ്, പയ്യോളി എസ്ഐ പ്രകാശൻ, എസ്ഐ ഹരിദാസ്, സിപിഒമാരായ പ്രദീഷ്, ഷനോജ്, അജേഷ്, ഗാർഡുമാരായ നിധീഷ്, ഹമിലേഷ്, ഹോം ഗാർഡ് പ്രകാശൻ എന്നിവരാണ് പരിശോധന സംഘം.
Two boats seized, unscientific fishing, dumping

































