Feb 23, 2026 10:47 AM

നാദാപുരം: (nadapuram.truevisionnews.com) നാദാപുരത്തെ വനവാസി വിഭാഗങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി വനം വന്യജീവി വകുപ്പും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും (ഐ.എം.എ) കൈകോർത്ത 'സ്നേഹഹസ്തം' സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് വിലങ്ങാട് സെന്റ് ജോർജ് ഹൈസ്‌കൂളിൽ പ്രൗഢമായി നടന്നു.

കുറ്റ്യാടി റെയിഞ്ച് പരിധിയിലുള്ള വിവിധ കോളനികളിലെ കുടുംബങ്ങളെ ലക്ഷ്യമിട്ട് സംഘടിപ്പിച്ച ഈ വിപുലമായ ആരോഗ്യ സംഗമം ഇ.കെ വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആദിവാസി വിഭാഗങ്ങളുടെ സമഗ്രമായ രോഗനിർണ്ണയവും ചികിത്സയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് വനം വകുപ്പ് ഇത്തരമൊരു മാതൃകാപരമായ പദ്ധതിക്ക് രൂപം നൽകിയത്.

ഐ.എം.എ സംസ്ഥാന പ്രസിഡൻ്റ് ഡോ. എം.എൻ മേനോൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, അസിസ്റ്റൻ്റ് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ജസ്റ്റിൻ മോഹൻ പദ്ധതിയുടെ റിപ്പോർട്ട് അവതരിപ്പിച്ചു. വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കിയ ക്യാമ്പിൽ പ്രത്യേകിച്ച് സ്ത്രീകൾക്കായി സെർവിക്കൽ കാൻസർ പ്രതിരോധ വാക്സിനേഷനും ഏർപ്പെടുത്തിയിരുന്നു.

ചിറ്റാരി, വായാട്, കണ്ടിവാതുക്കൽ, ഏലാംബയിൽ, മാടഞ്ചേരി തുടങ്ങിയ വിവിധ ഉന്നതികളിൽ നിന്നായി നൂറുകണക്കിന് ആളുകളാണ് ചികിത്സ തേടി എത്തിയത്. സംസ്ഥാന വനവികസന ഏജൻസിയുടെ സഹകരണത്തോടെ നടന്ന ക്യാമ്പിൽ ഡോ. ഹേമ ഫ്രാൻസിസ് പദ്ധതി വിശദീകരണം നടത്തി.

വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി. പ്രദീപ് കുമാർ, വാർഡ് മെമ്പർമാരായ രാജു അലക്സ്, ഷെബി സെബാസ്റ്റ്യൻ എന്നിവരും വിവിധ ആരോഗ്യ-വനം വകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു. ആദിവാസി മേഖലയിലെ ആരോഗ്യ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാനുള്ള വനം വകുപ്പിന്റെ ശ്രമങ്ങൾക്ക് വലിയ പിന്തുണയാണ് നാട്ടുകാരിൽ നിന്നും ലഭിച്ചത്.

Mega medical camp at St. George High School, Vilangad

Next TV

Top Stories










News Roundup






Entertainment News