#Latest News #Local News #IHRD Kallachi
നാദാപുരം: കല്ലാച്ചി ഐ.എച്ച്.ആർ.ഡി കേന്ദ്രീകരിച്ച് വിദ്യാഭ്യാസ ഹബ് സ്ഥാപിക്കണമെന്ന് ആവശ്യം ശക്തമാകുന്നു. പ്രൈമറി തലം മുതൽ ഡിഗ്രി വരെ വിദ്യാഭ്യാസം നൽകുന്ന ഒരു ഹബ് രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നതായി ഐ.എച്ച്.ആർ.ഡി കോളജ് പ്രിൻസിപ്പൽ ഒ.വി അശോകൻ വാർത്താവസമ്മേളനത്തിൽ പറഞ്ഞു.
കല്ലാച്ചി ഗവ. യു.പി സ്കൂൾ, ഗവ. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, ഐ.എച്ച്.ആർ.ഡി എന്നിവ ഉൾപ്പെടുത്തി ഒരു വലിയ വിദ്യാഭ്യാസ സംരംഭമാണ് ലക്ഷ്യം. കോളജിന് അക്കാദമിക്ക് ബ്ലോക്ക് കെട്ടിടം പണിയാനുള്ള നടപടികളുമായി മുന്നോട്ട് പോകാൻ എം.എൽ.എയുടെ നേതൃത്വത്തിൽ തീരുമാനമെടുത്തിട്ടുണ്ട്.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്യപ്പെട്ടിട്ടുള്ള ഈ സ്ഥാപനത്തിൽ നിലവിൽ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബി.സി.എ എന്നീ നാലുവർഷ ബിരുദ കോഴ്‌സുകളാണ് നടത്തപ്പെടുന്നത്.
ഭൗതികസാഹചര്യങ്ങളുടെ പരിമിതികൾക്കിടയിലും കഴിഞ്ഞ 20 വർഷമായി നാദാപുരം മണ്ഡലത്തിലെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനമായി തുടരാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.
പുതിയ വിദ്യാഭ്യാസ നയത്തിൻ്റെ ഭാഗമായുള്ള നാല് വർഷത്തെ ബിരുദ കോഴ്‌സിൽ അത്യാവശ്യമായി വേണ്ട ഇന്റെൺഷിപ്പ് ചെയ്‌തുകൊടുക്കുന്ന ഐ.എച്ച്.ആർ.ഡി സെന്റർ ഫോർ സ്‌കിൽസ് ആൻഡ് ഇൻഡസ്ട്രി കണക്ട് നാദാപുരം എന്ന പേരിൽ നൈപുണ്യ വികസന കേന്ദ്രം നിലവിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
കോളജിനെ എ.ഐ ട്രെയിനിങ് സെന്റർ ആക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു .കുട്ടികളുടെ പാഠ്യേതര പ്രവർത്തനങ്ങൾ ആയ എൻഎസ്എസ്, ഇൻഡസ്ട്രിയൽ വിസിറ്റ്, ക്വിസ് ക്ലബ്ബ്, ലിറ്റററി ആൻഡ് ഡിബേറ്റ് ക്ലബ്, ആർട്സ് ആൻഡ് സ്പോർട്സ്, തൊഴിൽമേള എന്നിവ ഏറെ പ്രാധാന്യം നൽകി സമയബന്ധിതമായി നടത്തിവരുന്നു.
കോളേജിലെ ഒന്നാംവർഷ ഡിഗ്രി നാദാപുരം അപ്ലൈയ്‌ഡ് സയൻസ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് രജിസ്ട്രേഷൻ ആരംഭിച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. വിശദ വിവരങ്ങൾക്ക് 0496 2556300, 9496291352, 9745616012, 8547005056 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
പത്രസമ്മേളനത്തിൽ പ്രിൻസിപ്പൽ പ്രൊഫ. ഒ.വി. അശോകൻ, പി.ടി.എ വൈസ് പ്രസിഡന്റ് എ.കെ രവീന്ദ്രൻ, സീനിയർ ഓഫീസ് അസിസ്റ്റന്റ് പി ബിജീഷ്, അസിസ്റ്റന്റ് പ്രൊഫസർ എ.പി അശ്വന്ത് പങ്കെടുത്തു.
Content Highlight: Content Highlights:- Demand is growing for the establishment of an education hub centered around Kallachi IHRD











































