#Latest News #K.M. Abhijith #MLA #Nadapuram
നാദാപുരം: (nadapuram.truevisionnews.com) മണ്ഡലത്തിന്റെ വികസനത്തിനും പുരോഗതിക്കുമായി വിപുലമായ കർമ്മപദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുമെന്ന് കെ.എം. അഭിജിത്ത് എം.എൽ.എ. നാദാപുരം നിയോജക മണ്ഡലത്തിന്റെ സമഗ്രമായ മുന്നേറ്റത്തിനായി രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ എല്ലാവർക്കും ഒരുമിച്ച് മുന്നേറാമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പിൽ വിജയിപ്പിച്ച മണ്ഡലത്തിലെ വോട്ടർമാർക്ക് നന്ദി രേഖപ്പെടുത്തുന്നതിനായി വിവിധ പഞ്ചായത്തുകളിൽ സംഘടിപ്പിച്ച പര്യടന പരിപാടികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകളും കുട്ടികളും വയോജനങ്ങളും അടക്കം നൂറുകണക്കിന് ആളുകളാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും പുതിയ എം.എൽ.എയെ വരവേൽക്കാൻ അണിനിരന്നത്. വാണിമേൽ പഞ്ചായത്ത് തല പര്യടനം വിലങ്ങാട് ടൗണിൽ നിന്നാണ് ആരംഭിച്ചത്.
പി.എ. ആന്റണി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജോസ് ഇരുപ്പക്കാട്ട് സ്വാഗതം ആശംസിച്ചു. വി.കെ. മൂസ മാസ്റ്റർ, എൻ.കെ. മുത്തലിബ്, മൊയ്തു ചിക്കപ്പുറത്ത്, സി.പി.സി. ആലിക്കുട്ടി, എം.കെ. അഷ്റഫ്, കെ. ബാലകൃഷ്ണൻ, അഷ്റഫ് കൊറ്റാല, ഷെബി സെബാസ്റ്റ്യൻ, അനസ് നങ്ങാണ്ടി, സെൽമ രാജു, വി.കെ. ജാഫർ, ഒ.പി. മുഹമ്മദ്, അഫ്സൽ പി.കെ. എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

തുടർന്ന് നെടുംപറമ്പ്, പുതുക്കയം, വെള്ളിയോട്, പരപ്പുപാറ, താഴെ വെള്ളിയോട്, മഠത്തിൽ സ്കൂൾ, കുനിയിൽപീടിക, സി.സി. മുക്ക്, വയൽപീടിക, സ്കൂൾമുക്ക്, മടോംപൊയിൽ പീടിക, താവോട്ട് മുക്ക്, കുറ്റിയിൽപീടിക, ചേരനാണ്ടി, കോടിയൂറ എന്നീ പ്രദേശങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം പര്യടനം രാത്രിയോടെ ഭൂമിവാതുക്കൽ അങ്ങാടിയിൽ സമാപിച്ചു.
സമാപന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം സി.വി.എം. വാണിമേൽ ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ ചെക്യാട് പഞ്ചായത്തിലും ആവേശോജ്ജ്വലമായ പര്യടനമാണ് നടന്നത്.
ചെക്യാട്ടിലെ സ്വീകരണ പരിപാടി നിയോജക മണ്ഡലം യു.ഡി.എഫ്. ചെയർമാൻ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യു.ഡി.എഫ്. ചെയർമാൻ സി.എച്ച്. ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ യു.ഡി.എഫ്. കൺവീനർ അഹമ്മദ് പുന്നക്കൽ, മോഹനൻ പാറക്കടവ്, ടി.കെ. ഖാലിദ് മാസ്റ്റർ, പി.കെ. ദാമു മാസ്റ്റർ എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് കൺവീനർ എൻ.കെ. കുഞ്ഞിക്കേളു സ്വാഗതവും പൊന്നാണ്ടി ലത്തീഫ് മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.
Content Highlight: content highlights:- MLA comes up with an extensive action plan for the comprehensive development of Nadapuram












































