---
title: "വയോധികന്റെ ആത്മഹത്യ; കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പിൽ മുൻ പ്രസിഡൻ്റടക്കം അഞ്ച് പേർക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി ബന്ധുക്കൾ  "
english_title: "Vadakara Deposit Fraud: Family Demands Case Against Congress Leaders in Elderly Mans Suicide"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/374391/vadakara-labour-society-deposit-fraud-elderly-man-suicide-case-registered"
published_at: "2026-07-24T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a633ef7cdc5a_vadakara-labour-society-fraud-ibrahim-haji-suicide-complaint.jpg"
keywords: ["Latest news", "Vadakara News", "Kadathanad Labor Society", "Ibrahim Haji Suicide"]
---

# വയോധികന്റെ ആത്മഹത്യ; കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പിൽ മുൻ പ്രസിഡൻ്റടക്കം അഞ്ച് പേർക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി ബന്ധുക്കൾ  

> **Lead Summary:** വടകര: **[**വടകര കടത്തനാട് ലേബർ സൊസൈറ്റിയിൽ നിക്ഷേപിച്ച പണം തിരിച്ചു കിട്ടാതായതിനെ തുടർന്ന് വയോധികൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ബന്ധുക്കൾ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. കോൺഗ്രസ് നേതാക്കൾ ഉൾപ്പടെ ഉള്ളവർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു .

## Article Content

വടകര: **[**വടകര കടത്തനാട് ലേബർ സൊസൈറ്റിയിൽ നിക്ഷേപിച്ച പണം തിരിച്ചു കിട്ടാതായതിനെ തുടർന്ന് വയോധികൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ബന്ധുക്കൾ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. കോൺഗ്രസ് നേതാക്കൾ ഉൾപ്പടെ ഉള്ളവർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു .

ഡിസിസി സെക്രട്ടറി ടി വി സുധീർ കുമാറിൻ്റ വീട്ടുമുറ്റത്ത് ആത്മഹത്യ ചെയ്ത ഇബ്രാഹിം ഹാജിയുടെ ഭാര്യ ഫൗസിയയാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. ഭർത്താവിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ച സൊസൈറ്റി മുൻ പ്രസിഡൻ്റ് ടി വി സുധീർ കുമാർ, സെക്രട്ടറി പി പ്രീന, നിലവിലെ പ്രസിഡൻ്റ് ബഷീർ അഹമ്മദ്, ഡയറക്‌ടർ അബ്ദുൾ മജീദ്, ഇ ടി റിനീഷ് എന്നിവർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടത്.

കളിപ്പാട്ട കച്ചവടക്കാരനായ ഭർത്താവ് ഇബ്രാഹിം ഹാജിയെ സൊസൈറ്റി ഭാരവാഹികളായ ഇവർ ഉയർന്ന ലാഭവിഹിതം തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലതവണകളായി എൻ്റെയും മക്കളുടെയും പേരിൽ 22 ലക്ഷം രൂപ നിക്ഷേപിപ്പിക്കുകയായിരുന്നു. നിക്ഷേപം തിരിച്ചു കിട്ടാതായതോടെ മാനസിക പ്രയാസത്തിലാണെന്ന് ഭർത്താവ് തന്നോടും മകൾ ഷെയ്ക്ക് അലീഫയോടും ഫോണിൽ വിളിച്ചു പറഞ്ഞിരുന്നു.

സുഹൃത്തുക്കളോടും രാഷ്‌ട്രീയ നേതാക്കളോടും വക്കീലിനോടും പണം കിട്ടിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് വാട്ട്സ് ആപ് മെസേജിലും അറിയിച്ചിരുന്നു. ഈകാര്യം സുധീറിനോടും പ്രീന യോടും ബഷീർ അഹമ്മദിനോടും പറഞ്ഞിരുന്നെങ്കിലും പണം തിരിച്ചു നൽകാൻ നടപടി ഉണ്ടായില്ല.

ഭർത്താവിൻ്റ ആത്മഹത്യക്ക് പ്രേരണ സുധീർ കുമാർ, പ്രീന, ബഷീർ അഹമ്മദ്, റിനീഷ്, മജീദ് എന്നിവരാണ്. റിനീഷ് ഭർത്താവിൽ നിന്നും പത്ത് ലക്ഷത്തിൽ പരം രൂപ അല്ലാതെയും കൈക്കലാക്കിയിട്ടുണ്ട്. ഭർത്താവിൻ്റ മരണ ശേഷം താനും രണ്ട് പെൺമക്കളും മകനും മാനസികമായി തളർന്നെന്നും ഭർത്താവിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ച മുഴുവൻ പ്രതികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും പരാതിയിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/374391/vadakara-labour-society-deposit-fraud-elderly-man-suicide-case-registered)