---
title: "അപകടങ്ങൾക്ക് പ്രതിവിധി, നീന്തൽ പരിശീലനവുമായി പ്രണവം സ്പോർട്സ് അക്കാദമി; 128 കുട്ടികളുടെ പാസിംഗ് ഔട്ട് 23ന്"
english_title: "Pranavam Academy Swimming Camp Completes Training For 128 Children In Valayam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/379028/pranavam-sports-academy-swimming-camp-valayam-new"
published_at: "2026-08-18T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a83fabbcdc1c_pranavam-sports-academy-swimming-camp-valayam.jpg"
keywords: ["Pranavam Club", "Swimming Training", "Drowning Prevention", "Nadapuram"]
---

# അപകടങ്ങൾക്ക് പ്രതിവിധി, നീന്തൽ പരിശീലനവുമായി പ്രണവം സ്പോർട്സ് അക്കാദമി; 128 കുട്ടികളുടെ പാസിംഗ് ഔട്ട് 23ന്

> **Lead Summary:** നാദാപുരം: കാലവർഷം ശക്തമാകുമ്പോൾ ജലാശയങ്ങൾ കവിഞ്ഞൊഴുകയും നാദാപുരം-കുറ്റ്യാടി മേഖലകളിൽ മുങ്ങിമരണങ്ങൾ ആവർത്തിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകി അപകടങ്ങൾ കുറയ്ക്കാനുള്ള മാതൃകാപരമായ പ്രവർത്തനവുമായി പ്രണവം സ്പോർട്സ് അക്കാദമി രംഗത്തെത്തി.

## Article Content

നാദാപുരം: കാലവർഷം ശക്തമാകുമ്പോൾ ജലാശയങ്ങൾ കവിഞ്ഞൊഴുകയും നാദാപുരം-കുറ്റ്യാടി മേഖലകളിൽ മുങ്ങിമരണങ്ങൾ ആവർത്തിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകി അപകടങ്ങൾ കുറയ്ക്കാനുള്ള മാതൃകാപരമായ പ്രവർത്തനവുമായി പ്രണവം സ്പോർട്സ് അക്കാദമി രംഗത്തെത്തി.

പ്രണവം ക്ലബ്ബ് അച്ചംവീടിന്റെ നേതൃത്വത്തിൽ കർക്കിടകമഴയിൽ അച്ചംവീട് കുളത്തിൽ ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന മൺസൂൺ ക്യാമ്പിലൂടെയാണ് പരിശീലനം നൽകുന്നത്. മലവെള്ളപ്പാച്ചിലിലും ജലാശയങ്ങളിലെ വിനോദങ്ങളിലും വെള്ളക്കെട്ടുകളിലും നിരവധി അപകടങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് ഈ പദ്ധതി.

തുടർച്ചയായി മൂന്ന് വർഷമായി സംഘടിപ്പിച്ചുവരുന്ന നീന്തൽ പരിശീലനത്തിലൂടെ വളയം, വാണിമേൽ, ചെക്യാട്, നാദാപുരം, എടച്ചേരി, കുന്നുമ്മൽ തുടങ്ങിയ പഞ്ചായത്തുകളിൽ നിന്നായി മുന്നൂറിലധികം വിദ്യാർഥികൾ ഇതിനകം നീന്തൽ അഭ്യസിച്ചു.

സന്നദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയിലൂടെ ഈ വർഷം 128 വിദ്യാർഥികൾക്കാണ് നീന്തൽ പരിശീലനം നൽകിയത്.പ്രണവം സ്പോർട്സ് അക്കാദമി സംഘടിപ്പിച്ച മൂന്നാമത് മൺസൂൺ ക്യാമ്പിന്റെ ഭാഗമായി പരിശീലനം പൂർത്തിയാക്കിയ 128 വിദ്യാർഥികളുടെ നീന്തൽ പാസിംഗ് ഔട്ട് പരേഡ് ഓഗസ്റ്റ് 23ന് നടക്കും.

അന്ന് ഉച്ചയ്ക്ക് 2.30ന് അച്ചംവീട് കുളത്തിൽ നടക്കുന്ന ചടങ്ങിൽ പരിശീലനം പൂർത്തിയാക്കിയ കുട്ടികൾ പങ്കെടുക്കും .ചടങ്ങിന്റെ ഉദ്ഘാടനം കെ. എം. അഭിജിത്ത് എം.എൽ.എ നിർവഹിക്കും. പി.പി. എൽസി ചടങ്ങിൽ അധ്യക്ഷയാകും.

മുൻ പരിശീലകൻ രമേശൻ ആലഞ്ചേരി മുഖ്യാതിഥിയായി പങ്കെടുക്കും.ജലാശയ അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകുന്ന ഈ പദ്ധതി പ്രദേശത്ത് ശ്രദ്ധേയമായ മാതൃകയായി മാറുകയാണ്.

വരും വർഷങ്ങളിലും കൂടുതൽ കുട്ടികൾക്ക് പരിശീലനം നൽകാനും നീന്തൽ അവബോധം വ്യാപിപ്പിക്കാനുമാണ് സംഘാടകരുടെ ലക്ഷ്യം.

**English Summary:**

Pranavam Sports Academy in Valayam has trained 128 children in swimming through its third monsoon camp at Achamveedu pond. Over the last three years, more than 300 students from Valayam, Vanimel, Chekyad, Nadapuram, Edacheri and Kunnummal panchayats have benefited. The passing out parade for this year's trainees will be held on August 23 at 2.30 pm, inaugurated by MLA KM Abhijith. The initiative aims to reduce drowning incidents in the Nadapuram-Kuttiady region.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/379028/pranavam-sports-academy-swimming-camp-valayam-new)