Jun 9, 2022 08:40 AM

നാദാപുരം : ആശുപത്രിയിലെ ചികിത്സയ്ക്കിടെ സ്കൂൾവിദ്യാർഥി മരിച്ച സംഭവത്തിൽ ശിശുക്ഷേമസമിതി റിപ്പോർട്ട് ആവശ്യപ്പെട്ടു. നാദാപുരം പോലീസിനോടും ജില്ലാശിശുസംരക്ഷണ ഓഫീസറോടുമാണ് റിപ്പോർട്ടുതേടിയത്. സംഭവത്തെക്കുറിച്ചും അതിനിടയായ സാഹചര്യങ്ങളെക്കുറിച്ചുമാണ് റിപ്പോർട്ട് നൽകേണ്ടത്.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുളള നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് റിപ്പോർട്ടുതേടിയത്. ഈ റിപ്പോർട്ട് സർക്കാരിനും സംസ്ഥാന ബാലാവകാശകമ്മിറ്റിക്കും സമർപ്പിക്കുമെന്ന് സമിതി ചെയർമാൻ പി.എം. തോമസ് പറഞ്ഞു.

നാദാപുരം ന്യൂക്ലിയസ് ആശുപത്രിയിലെ ശിശുരോഗവിദഗ്‌ധനും കുത്തിവെപ്പ് നടത്തിയ നഴ്‌സും ഉൾപ്പെടെ മൂന്ന് പേരെ കഴിഞ്ഞ ദിവസം നാദാപുരം ഡി.വൈ.എസ്.പി. ടി.പി. ജേക്കബ് അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റമാണ് മൂന്നാളുടെയും പേരിൽ ചുമത്തിയത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 14-നാണ് വട്ടോളി സംസ്കൃതം സ്കൂൾവിദ്യാർഥി വട്ടോളി പടിക്കലക്കണ്ടി തേജ്‌ദേവ് മരിച്ചത്. ആശുപത്രിയിലെ കുത്തിവെപ്പിനെത്തുടർന്നുളള പ്രശ്നങ്ങളാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. എന്നാൽ, ആശുപത്രിയധികൃതരുടെ ഭാഗത്തുനിന്ന്‌ വീഴ്ചയുണ്ടായിട്ടില്ലെന്നായിരുന്നു അധികൃതരുടെ വിശദീകരണം.

Tejdev's death; Child Welfare Committee requesting report to police

Next TV

Top Stories