Nov 3, 2022 12:11 PM

നാദാപുരം : പോയ കാലത്ത് ഗ്രാമീണ ജീവിതത്തിലെ പ്രധാന വിനോദമായിരുന്ന നാടൻ പന്തുകളി വാണിമേൽ ഫെസ്റ്റിൻ്റെ ഭാഗമായി സംഘടിപ്പിച്ചപ്പോൾ 64 കാരൻ കളിയിലെ കേമനായി.

ഏഴു പേർ അണി നിരക്കുന്ന ടീമിൽ എതിർ ഭാഗത്തും ഏഴു പേരാണ് കളിക്കാരായി ഉണ്ടാവുന്നത്.നിലത്ത് തട്ടുമ്പോൾ ഉയർന്നു വരുന്ന പന്തിൽ കൈ മടക്കി ശക്തിയിൽ ആഞടിച്ചാണ് കളിക്കുന്നത്.

പ്രദേശത്ത് നടന്ന നാടൻ പന്തുകളി മത്സരത്തിൽ മൂന്ന് ടീമുകളോട് കളിച്ചു വിജയം നേടിയ ചേലമുക്ക് ടീമിലെ 64 കാരനായ അരൂക്കുണ്ടിൽ മൊയ്തുഹാജിയാണ് നാടിൻ്റെ താരമായി മാറിയത്.

കളിയിയിൽ യുവാക്കളെ പിന്തള്ളിയാണ് ഇദ്ദേഹം മാൻ ഒഫ് ദ സീരിസായി തെരഞ്ഞെടുക്കപ്പെട്ടത്. കർഷകനായ ഇദ്ദേഹത്തിൻ്റെ കളി കാഴ്ച കാർക്ക് ഏറെ ഹരം പകർന്നു.തലമ, ഒറ്റ, ഇരട്ട ,പിടിച്ചിമ, കാമ, അവസാന തലമ എന്നിങ്ങിനെ പേരുള്ള ഓരോ കളിയുടെ ഭാഗവും മൂന്ന് പ്രാവശ്യവും അവസാന തലമ നാലു പ്രാവശ്യവുമാണ് ഒരു ടീം കളിക്കേണ്ടത്.

പൂർണ്ണ ആരോഗ്യവനായ ഒരാൾക്ക് മാത്രമെ നാടൻ പന്തു കളിയിൽ പങ്കെടുക്കാനാവൂ.അതിശക്തമായി മത്സരത്തിലുടനീളം നിറഞ്ഞു നിന്ന മൊയ്തുഹാജിക്ക് കാണികളുടെ ഹർഷാരവം ആവേശം പകർന്നു. പ്രായത്തേ മറന്നുള്ള കളിയിൽ യുവാക്കൾ പിന്നിലാവുകയും ചെയ്തു.

മത്സരം കഴിഞ്ഞിട്ടും ആവേശം നിറഞ്ഞ പോരാട്ടം കാഴ്ചവെച്ച മൊയ്തുഹാജി നാടിൻ്റെ താരമായി മാറി. കോട്ടയം ഇടുക്കി ജില്ലകളിലും മലബാറിലും നിലനിന്നിരുന്ന നാടൻ പന്തുകളി കേരള സ്പോർട്സ് മത്സരമായി അംഗീകരിക്കണമെന്ന് കേരള നാറ്റിവ് കളി അസോസിയേഷൻ ആവശ്യപ്പെട്ട് വരികയാണ്.

ഒത്തൊരുമയുടെ പാരമ്പര്യവും പ്രാദേശിക കൈക്കരുത്തിൻ്റെ മഹിമയും വിളിച്ചോതുന്ന നാടൻ പന്തുകളി ടൂർണമെൻ്റിന് വൻ ജനപങ്കാളിത്തമാണുണ്ടായത്.തലമ പന്ത് കളിയുടെ പോരാട്ട വീര്യം നേരിൽ ദർശിക്കാൻ പഴയ തലമുറ ഒന്നടങ്കം വാണിമേൽ പുഴയുടെ സമീപത്തേക്ക് എത്തിയിരുന്നു.

കേട്ട് മാത്രം പരിചയമുള്ള പന്തുകളി നേരിട്ട് കണ്ടതിലുള്ള സന്തോഷത്തിലായിരുന്നു ക്രിക്കറ്റ് ഫുട്മ്പോൾ മത്സരങ്ങൾ മാത്രം കണ്ട യുവതലമുറ. ചേല മുക്ക് ഗ്രീൻ സ്റ്റാർ ക്ലബ് ആതിഥേയരായ നിരത്തുമ്മൽ പീടികയിലെ ഗ്രീൻഫീൽഡ് അക്കാദമിയെ പരാജയപ്പെടുത്തിയാണ് ചാമ്പ്യൻ പട്ടമണിഞ്ഞത്.

ചേല മുക്ക് ടീമിലെ മൊയ്തു ഹാജിയെ അവസാന മത്സരത്തിലെ മാൻ ഓഫ് ദ മാച്ചായും തെരഞെടുത്തു. അന്യം നിന്നുപോയ കലാരൂപങ്ങളെ പുനർജനിപ്പിക്കാൻ വേണ്ടിയാണ് വാണിമേൽ ഫെസ്റ്റ് നാടൻ പന്തുകളി സംഘടിപ്പിച്ചത്‌. നേരത്തെ കളിച്ചു വന്നിരുന്ന തലമ പന്ത് വിപണിയിൽ കിട്ടാത്തതിനാൽ ടെന്നീസ് പന്താണ് കളിക്കാൻ ഉപയോഗിച്ചത്.

മലബാറിൽ ഒരു കാലത്ത് സജീവമായിരുന്ന പന്തുകളി നിലച്ചു പോയത് ക്രിക്കറ്റിൻ്റെ വരവോട് കൂടിയാണ്. ചെലവ് കുറഞ്ഞതും ജനങ്ങൾക്ക് ഏറെ താൽപര്യമുള്ള നാടൻ പന്തുകളി ഗ്രാമ പ്രദേശങ്ങളിൽ വീണ്ടും സജീവമാകാൻ ടൂർണമെൻ്റ് സഹായിച്ചിട്ടുണ്ടെന്ന് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട മൊയ്തുഹാജി മംഗളത്തോട്പറഞ്ഞു.

പടം : മാൻ ഓഫ് ദ സീരിസായി തെരഞ്ഞെടുക്കപ്പെട്ട അരുക്കുണ്ടിൽ മൊയ്തു ഹാജി.

Cayman in the game; A 64-year-old man who overcame the youth in national football became a star of the country

Next TV

Top Stories