നാദാപുരം: കോൺഗ്രസ് നിയന്ത്രണത്തിൽ വളയം ആസ്ഥാനമായി പ്രവർത്തിക്കുന്ന തൂണേരി ബ്ലോക്ക് എംപ്ലോയീസ് സൊസൈറ്റിയിൽ രണ്ട് പേർക്ക് നിയമനം നൽകാൻ ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ അണിയറ നീക്കം.
പാർട്ടി അറിയാതെ സിപിഐ എം കുടുംബത്തിൽ ഉൾപ്പെട്ട ഡിവൈഎഫ്ഐ അംഗമായ യുവാവിനെ ബാങ്കിൽ നിയമിക്കുന്നതിനെതിരെ തൂണേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റി ജില്ലാ കോൺഗ്രസ് അധ്യക്ഷൻ അഡ്വ. കെ. പ്രവീൺ കുമാറിന് പരാതി നൽകി.
വളയം കല്ലുനിരയിലെ കോൺഗ്രസ് നേതാവിൻ്റെ മകളുടെ മകനായ തൂണേരി വേറ്റുമ്മൽ സ്വദേശി യുവാവിനും വളയത്തെ മുൻ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റിൻ്റെ ഭാര്യയ്ക്കുമാണ് സഹകരണ സ്ഥാപനത്തിൽ നിയമനം നൽകിയത്.
നിയമനം നൽകുന്ന യുവാവിൻ്റെ പ്രദേശത്തെ പാർട്ടി പ്രവർത്തകരോട് ഒരു ആലോചനയും നടത്തിയില്ലെന്ന് വാർഡ് കോൺഗ്രസ് കമ്മറ്റി നേതൃത്വത്തിന് നൽകിയ പരാതിയിൽ പറയുന്നു.
വളയം മണ്ഡലം കമ്മറ്റിയിലെ ഭൂരിപക്ഷ അംഗങ്ങളും അറിയാതെയാണ് ബാങ്ക് ഭരണസമിതി അംഗങ്ങളുമായി ചേർന്ന് അതീവരഹസ്യമായി നിയമനം നൽകിയതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.
മോഹനൻ പാറക്കടവിൻ്റെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി യോഗത്തിൽ തൂണേരിയിലെ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി രജീഷ് പാർടി പ്രവർത്തകരുടെയും അനുഭാവികളുടെയും രോഷം അറിയിച്ചു.
ഇതിനെതിരെ ഭരണ സമിതി അംഗമായ വളയത്തെ ഒരു കോൺഗ്രസ് നേതാവ് ശക്തമായ ഭാഷയിൽ രംഗത്തുവന്നു.
തുടർന്ന് ഈ ന്യായീകരണത്തിനെതിരെ വളയത്ത് നിന്നുള്ള നേതാക്കൾ തന്നെ ഇതിനെതിരെ പ്രതികരിച്ചു.
പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ ചടങ്ങിനായി ഡൽഹിയിലേക്ക് പോയ ഡിസിസി പ്രസിഡൻ്റ് പ്രവീൺ കുമാർ മടങ്ങി എത്തിയ ശേഷം പ്രശ്നത്തിൽ ഇടപെട്ട് പരിഹാരം കാണുമെന്ന് യോഗത്തിൽ പങ്കെടുത്ത സംഘടനാ ചുമതലയുള്ള കെ.പി സി സി സെക്രട്ടറി സത്യൻ കടിയങ്ങാട് ഉറപ്പ് നൽകി.
നിരവധി യുവതി -യുവാക്കൾ തൊഴിലില്ലാതെ യൂത്ത് കോൺഗ്രസിൽ പ്രവർത്തിക്കുമ്പോൾ പാർട്ടിയെ ശക്തമായി എതിർക്കുന്ന കുടുംബത്തിലെ ഒരാൾക്ക് പാർടി സ്ഥാപനത്തിൽ നിയമനം നൽകുന്നത് അംഗീകരിക്കാനാകില്ലെന്ന് തൂണേരിയിലെ കോൺഗ്രസ് പ്രവർത്തകർ പറയുന്നു.
തൂണേരി ബ്ലോക്ക് പ്രവർത്തന പരിധിയായ ബാങ്കിൽ നിയമനം നടത്തുമ്പോൾ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുമായി ചർച്ച ചെയ്തിരുന്നില്ല എന്ന പരാതിയും നിലനിൽക്കുന്നുണ്ട്.
പാർട്ടിയുടെ ശുപാർശ കത്ത് ആവശ്യപ്പെട്ട് യുവാവുമായി ബന്ധപ്പട്ടവർ വരുമ്പോൾ മാത്രമാണ് തങ്ങൾ ഇക്കാര്യം അറിയുന്നത് എന്നാണ് തൂണേരിയിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്.
പരമ്പര്യം ഏറെയുള്ള കോൺഗ്രസ് നേതാവിൻ്റെ ചെറുമകനാണ് ജോലി നൽകിയതെന്നും ഭരണസമിതി എടുത്ത ഈ തീരുമാനത്തെ എതിർക്കേണ്ട ആവശ്യം ഇല്ല എന്നാണ് തൻ്റെ അഭിപ്രായമെന്ന് വളയം മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് കെ ചന്ദ്രൻ പറഞ്ഞു.
നിയമനത്തിൻ്റ ആദ്യപടിയായാണ് പ്രാദേശിക കോൺഗ്രസ് കമ്മറ്റിയുടെ കത്ത് ആവശ്യപ്പെട്ടത് വളയത്തെ കോൺഗ്രസ് നേതാക്കൾ പറയുന്നത്.
#appointment #not #known #party #DCC #President #Blocks #Appointment #Thooneri #Block #Employees #Society