കല്ലാച്ചി : (nadapuram.truevisionnews.com ) കല്ലാച്ചിയിലെ ടൗൺ നവീകരണ പ്രവർത്തികൾ പുരോഗമിക്കുന്നു. പൊതുമാരാമത്ത് വകുപ്പ് അനുവദിച്ച മൂന്ന് കോടി രൂപ ഉപയോഗിച്ചുള്ള കല്ലാച്ചി ടൗൺ നവീകരണ പ്രവർത്തിയാണ് ദ്രുതഗതിയിൽ പുരോഗമിക്കുന്നത് .
കല്ലാച്ചി മത്സ്യമാർക്കറ്റിന് സമീപത്തെ ബസ്സ് സ്റ്റോപ്പ് പൊളിച്ചു നീക്കിക്കൊണ്ടായിരുന്നു നവീകരണ പ്രവർത്തിക്ക് ഇ.കെ.വിജയൻ എം.എൽ.എ ആരംഭം കുറിച്ചത്. നിലവിൽ ബസ്സ് സ്റ്റോപ്പിന്റെ മുകൾ ഭാഗം പൊളിക്കുന്ന പണി തുടരുകയാണ്.
സർവ്വകക്ഷി വ്യാപാരി- കെട്ടിട ഉടമ സംഘടനകളുടെ യോഗത്തിലെ തീരുമാനപ്രകാരം സംസ്ഥാന പാതയുടെ ഓരോഭാഗത്തും ഒന്നര മീറ്റർ വീതി കൂട്ടി പുതിയ ഡ്രെയിനേജും ഫുട്പാത്തും നിർമ്മിക്കുന്നതാണ് പദ്ധതി.
ബൈക്ക് പാർക്കിങ്ങിനും ബസ്ബേക്കും പ്രത്യേകം സ്ഥലം മാർക്ക് ചെയ്തു ഇൻറർലോക്ക് വിരിക്കും.കല്ലാച്ചി ഗ്യാലക്സി ഹൈപ്പർമാർക്കറ്റ് മുതൽ 550 മീറ്റർ നീളത്തിലാണ് നവീകരണ പ്രവർത്തി നടക്കുന്നത്.
വീതി കൂട്ടുന്ന ഭാഗത്തെ കെട്ടിടങ്ങൾ പൊളിച്ചു നീക്കിയ ശേഷം കെട്ടിടഭാഗം ബലപ്പെടുത്തുന്നതിന് ഗ്രാമപഞ്ചായത്ത് പ്രത്യേക അനുമതി നൽകുന്നതാണ്.
വിട്ടുതരുന്ന സ്ഥലമുടമകൾക്ക് നിർമ്മാണത്തിന് കെട്ടിട നിർമ്മാണ ചട്ട പ്രകാരമുള്ള പ്രത്യേക ഇളവും ഗ്രാമപഞ്ചായത്ത് നൽകുന്നതാണ്.
2021 ലെ ബജറ്റിലാണ് കല്ലാച്ചി ടൗൺ നവീകരണത്തിന് 3 കോടി രൂപ പൊതുമരാമത്ത് അനുവദിച്ചത്. നവീകരണ പദ്ധതിയോടൊപ്പം തന്നെ സംസ്ഥാന പാതയിൽ ബി എം ആൻഡ് ബി സി ടാറിങ്ങും നടക്കുന്നതാണ്.
ഈ മാസം പതിനാലാം തിയ്യതിയായിരുന്നു നവീകരണ പ്രവർത്തനങ്ങൾക്ക് ഇ.കെ.വിജയൻ എം.എൽ.എ ഔപചാരികമായി ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു .
#busstop #demolished #moved #Kalachi #Town #Renovation #full #swing