എടച്ചേരി: (nadapuram.truevisionnews.com) എടച്ചേരി ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലനസമിതിയുടെ ആഭിമുഖ്യത്തിൽ 'കാരണവർക്കൂട്ടം' സംഘടിപ്പിച്ചു. ജൈവവൈവിധ്യ സർവ്വേയിൽ നാട്ടറിവുകളും ഓർമകളും പങ്കുവയ്ക്കാൻ ഗ്രാമപഞ്ചായത്തിലെ മുതിർന്നവർ ഒത്തുചേർന്നു.

പഴയകാലത്തെ കൃഷിയുടെ ആവശ്യത്തിന് നിലം ഉഴുവാൻ കാളകളുടെ പുറത്തുവച്ച് നുകം കെട്ടാൻ ഉപയോഗിച്ച ആമി മരം കൂടാതെ പഴയകാല നെൽ വിത്തിനങളായ ഓക്കപ്പുഞ്ച, തവളക്കണ്ണൻ, ചീരോകയമ, കവുങ്ങിൻ പൂത്താട തുടങ്ങിയവയെ പറ്റിയും വിവിധതരം ഔഷധ ചെടികളെയും കിഴങ്ങുവർഗ്ഗങ്ങളെയും പറ്റിയുമുള്ള നിരവധി ഓർമ്മകൾ കാരണവർക്കൂട്ടം പങ്കുവെച്ചു.
ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ പുതുക്കുന്നതിന്റെ ഭാഗമായാണ് എടച്ചേരി പഞ്ചായത്ത് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചത്. ജൈവ വൈവിധ്യത്തെ കുറിച്ചുള്ള നാട്ടറിവുകളും നാടിൻ്റെ കാർഷിക ചരിത്രവും സംസ്കാരവും പുതുതലമുറയിലേക്ക് എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം.
പഴയകാല കൃഷി രീതികൾ, ഔഷധസസ്യങ്ങൾ, മുൻകാലത്ത് കൂടുതലായി കാണപ്പെട്ടിരുന്ന ശുദ്ധജല ജീവികൾ എന്നിവയെ കുറിച്ചെല്ലാം സമഗ്രമായ അറിവുകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ചർച്ച നടന്നു.
എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ പത്മിനി അധ്യക്ഷത വഹിച്ച ചടങ്ങ്, സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ജില്ലാ കോർഡിനേറ്റർ ഡോ. മഞ്ജു ധനിഷ് ഉദ്ഘാടനം ചെയ്തു.
ബിഎംസി കൺവീനർ ഡോ. പി ദിലീപാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ്, സെക്രട്ടറി, സ്ഥിരം സമിതി അംഗങ്ങൾ, മെമ്പർമാർ, ബി എം സി അംഗങ്ങൾ തുടങ്ങിയവർ അനുഭവങ്ങൾ പങ്കുവെച്ചു
#Karnavarkootam #shares #old #knowledge #Edacherry