ജാതിയേരി : ( nadapuramnews.com) വളയം-കല്ലാച്ചി റോഡിൽ വാഹനങ്ങൾ തമ്മിൽ തട്ടിയതിനെ ചൊല്ലിയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് കൂടുതൽ പേർക്കെതിരെ കേസെടുത്തു. സംഘർഷം പരിഹരിക്കാനെത്തിയ ആളെ മർദിച്ചെന്ന പരാതിയിലാണ് 20 പേർക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തത്.

പേരറിയാവുന്ന 10 പേർക്കെതിരെയും കണ്ടാലറിയാവുന്ന 10 പേർക്കെതിരെയുമാണ് കേസ്. കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസിലെ പരാതിക്കാരിയുടെ ഭർത്താവിനെതിരെയും കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം കല്ലുമ്മലിൽ വാഹനങ്ങൾ തമ്മിൽ ഉരസിയതിനെ തുടർന്നായിരുന്നു സംഘർഷം. പുലിയാവിൽ, കല്ലുമ്മൽ എന്നിവിടങ്ങളിൽ നടന്ന വിവാഹങ്ങൾക്കു ശേഷം റോഡിൽ ഇരുദിശയിൽ വന്ന വാഹനങ്ങൾ തമ്മിൽ ഉരസുകയായിരുന്നു.
തുടർന്ന് വാക്കേറ്റത്തിലേക്കും പിന്നീട് കയ്യാങ്കളിയിലും കാര്യങ്ങൾ കലാശിക്കുകയായിരുന്നു. രണ്ടു വാഹനങ്ങളുടെ ചില്ല് അടിച്ചുതകർത്തു. ചെക്യാട് പുലിയാവ് ചാലിൽ നിധിൻ (25), ഭാര്യ ആതിര (24) ഇവരുടെ ഏഴുമാസം പ്രായമായ മകൾ നിതാര എന്നിവർക്ക് ആക്രമണത്തിൽ പരുക്കേറ്റു. ആതിരയാണ് പൊലീസിൽ പരാതി നൽകിയത്.
വളയം പൊലീസ് എത്തിയാണു സംഘർഷം അവസാനിപ്പിച്ചതും മേഖലയിൽ ഗതാഗതം പുഃനസ്ഥാപിച്ചതും. സംഘർഷത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കുറുവയിൽ അഹമ്മദിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
#jathiyeri #weddingparty #clash #policecase