നാദാപുരം: (nadapuram.truevisionnews.com) ഗുരുതരമായ പൊതുജനാരോഗ്യ ഭീഷണിയെ തുടർന്ന് കല്ലാച്ചി മത്സ്യ മാർക്കറ്റ് അടച്ചു പൂട്ടാൻ ആരോഗ്യ |വകുപ്പിന്റെ ഉത്തരവ്. ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്നങ്ങൾ നിലവിലുള്ള കല്ലാച്ചി മത്സ്യ മാർക്കറ്റിൽ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ഞെട്ടിപ്പിക്കുന്ന കാഴ്ചകളാണ് ഉള്ളത്.
മത്സ്യ മാംസാദികളുടെ മാസങ്ങളോളം പഴക്കമുള്ള മാലിന്യത്തിൽ ഇഴജന്തുക്കൾ ഉൾപ്പെടെ നിറഞ്ഞ് പുഴുവരിച്ചു കൊണ്ടിരിക്കുന്നു . എലിപ്പനി പോലുള്ള മാരകരോഗങ്ങൾ പൊട്ടിപ്പുറപ്പെടാൻ സാധ്യതയുള്ള അവസ്ഥയിലാണ് മാർക്കറ്റ്. മാലിന്യത്തിൽ നിന്നുള്ള ബാക്ടീരിയകളും ഫംഗസുകളും കൊണ്ട് മത്സ്യവും കോഴിയിറച്ചിയും മലിനമായി ഭക്ഷ്യവിഷബാധ ഉൾപ്പെടെ ഉണ്ടാകാനുള്ള സാധ്യതയും നിലനിൽക്കുന്നതായി പൊതുജനാരോഗ്യ വിഭാഗം കണ്ടെത്തി.



മഞ്ഞപ്പിത്തവും, ഡെങ്കിപ്പനിയും റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മാർക്കറ്റിന്റെ പ്രവർത്തനം നിർത്തിവയ്ക്കല്ലാതെ മറ്റു വഴികളില്ലെന്ന് ആരോഗ്യ വിഭാഗത്തിന് ബോധ്യപ്പെട്ടു. മാർക്കറ്റിലെ വിവിധ വൃത്തിഹീനമായ മാലിന്യങ്ങളിലൂടെ ഒലിച്ചിറങ്ങുന്ന മഴവെള്ളം പൊതു റോഡിൽ നിറഞ്ഞൊഴുകുകയാണ്. ഇതും മാരക രോഗങ്ങൾക്ക് കാരണമായി കൊണ്ടിരിക്കുകയാണ്. കൂടാതെ മലിനജലം സമീപത്തുള്ള മുഴുവൻ കിണറുകളിലേക്കും ഇറങ്ങി ടൗണിലും പരിസരത്തുമുള്ള മിക്ക കിണറുകളും മലിനമായി കൊണ്ടിരിക്കുകയാണ്.
പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ മഞ്ഞപ്പിത്ത രോഗവും അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. മാർക്കറ്റിൽ ഉള്ള ജോലിക്കാരോടും ചിക്കൻ സ്റ്റാൾ നടത്തിപ്പുകാരോടും മാർക്കറ്റ് വിളിച്ചെടുത്ത വ്യക്തിയോടും മാലിന്യങ്ങൾ നീക്കാൻ നിർദ്ദേശിച്ചെങ്കിലും യാതൊരു പരിഹാരവും കാണാത്തതിനെ തുടർന്നാണ് ആരോഗ്യ വിഭാഗത്തിന്റെ നടപടി.
നാദാപുരം ലോക്കൽ പബ്ലിക് ഹെൽത്ത് ഓഫീസർ ഡോ. നവ്യ. ജെ. തൈക്കാട്ടിൽ നൽകിയ നിർദ്ദേശത്തെ തുടർന്നാണ് ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി അടച്ചു പൂട്ടാൻ ഉത്തരവ് നൽകിയത്. നാദാപുരം പോലീസിന്റെ സഹായത്തോടെ മാർക്കറ്റിൽ നടന്ന പരിശോധനയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബാബു.കെ, പ്രസാദ്.സി, അമ്പിളി.യു, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായ ബിജുപ്രശാന്ത്, ഷൈമ.ടി, ശ്രുതി.എം.ടി.കെ എന്നിവർ പങ്കെടുത്തു.
Health Department orders closure of Kallachi fish market following public health threat