നാദാപുരം: [nadapuram.truevisionnews.com] വാണിമേലിൽ വൈദ്യുതി ബിൽ അടക്കാത്തതിനെ തുടർന്ന് വീട്ടിലെ ഫ്യൂസ് വലിക്കാൻ എത്തിയ കെഎസ്ഇബി ജീവനക്കാരനെ മർദ്ദിച്ച കോൺഗ്രസ് നേതാവ് അറസ്റ്റിൽ. വാണിമേൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ. കെ മുത്തലിബിനെയാണ് വളയം പോലീസ് അറസ്റ്റ് ചെയ്തത്.
കെഎസ്ഇബി ജീവനക്കാരുടെ കർത്തവ്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനാണ് എൻ. കെ മുത്തലിബിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഡിസംബർ നാലാം തീയതി രാവിലെയോടെയായിരുന്നു കേസിനാസ്പദമായ സംഭവം.
വൈദ്യുത ചാർജ് സമയപരിധി കഴിഞ്ഞിട്ടും അടക്കാത്തതിനാൽ കെഎസ്ഇബി ഓഫീസിൽ നിന്നും കണക്ഷൻ ഡിസ്‌കണക്ട് ചെയ്യാൻ ചുമതലപ്പെടുത്തിയ ലൈൻമാൻ പവിത്രൻ ഫ്യൂസ് ഊരാൻ ശ്രമിക്കുന്നതിനിടെയാണ് ഉപഭോക്താവായ കുഞ്ഞമ്മദ് ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും അടിച്ചും ചവിട്ടിയും പരിക്കേൽപ്പിക്കുകയും ചെയ്തു എന്നാണ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
മർദ്ദനമേറ്റതിനു പിന്നാലെ വിവരം ഫോണിലൂടെ ഓഫീസിലറിയിച്ചതിനെ തുടർന്ന് ഓഫീസിൽ നിന്നും ജീവനക്കാർ സ്ഥലത്തെത്തി പരിക്കേറ്റ ലൈൻമാൻ പവിത്രനെ നാദാപുരം ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കെഎസ്ഇബി ജീവനക്കാരെ മുത്തലിബ് മർദ്ദിച്ചു എന്ന് ആരോപിച്ച് ജീവനക്കാർ ഭൂമിവാതുക്കൾ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
Case of assault on KSEB employee











































