നാദാപുരം: (nadapuram.truevisionnews.com) ചില്ലറ തർക്കങ്ങളും യന്ത്രത്തകരാറുകളും ഒഴിച്ചുനിർത്തിയാൽ നാദാപുരം മേഖലയിൽ വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. യുഡിഎഫിന് ശക്തമായ സ്വാധീനമുള്ള മേഖലകളിൽ വോട്ടർമാരുടെ വലിയ തിരക്ക് അനുഭവപ്പെട്ടപ്പോൾ, എൽഡിഎഫ് കേന്ദ്രങ്ങളിൽ താരതമ്യേന മന്ദഗതിയിലുള്ള പോളിംഗാണ് രേഖപ്പെടുത്തിയത്.
കുമ്മങ്കോട്, കല്ലാച്ചി, ചേലക്കാട് തുടങ്ങിയ ഭാഗങ്ങളിലെ ബൂത്തുകളിൽ വൻ ക്യൂ ദൃശ്യമായപ്പോൾ, വോട്ടെടുപ്പ് പൂർത്തിയാക്കാൻ ചിലയിടങ്ങളിൽ നിശ്ചയിച്ച സമയവും കടന്നുപോയി. വളയം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ ഉൾപ്പെടെയുള്ള ബൂത്തുകളിൽ രാത്രി എട്ടുമണി വരെ നീണ്ട വോട്ടെടുപ്പാണ് നടന്നത്. ടോക്കൺ നൽകിയാണ് ഇവിടെ തിരക്ക് നിയന്ത്രിച്ചത്.
വോട്ടെടുപ്പിനിടെ വിവിധ ഇടങ്ങളിൽ പ്രതിഷേധങ്ങളും വാക്കേറ്റങ്ങളും അരങ്ങേറി. കുമ്മങ്കോട് സൗത്ത് എംഎൽപി സ്‌കൂളിൽ പാസ്‌പോർട്ടിന്റെ കാലാവധി കഴിഞ്ഞെന്ന കാരണത്താൽ പ്രവാസി വോട്ടറെ വോട്ട് ചെയ്യാൻ അനുവദിക്കാത്തത് യുഡിഎഫ് പ്രവർത്തകരുടെ പ്രതിഷേധത്തിന് ഇടയാക്കി.
കള്ളവോട്ട് തടയാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് നാദാപുരം നോർത്ത് എംഎൽപി സ്‌കൂളിലും, ഓപ്പൺ വോട്ടിനെച്ചൊല്ലി പയന്തോങ്ങ് യുപി സ്‌കൂളിലും രാഷ്ട്രീയ പ്രവർത്തകർ തമ്മിൽ ഉരസലുണ്ടായി. പോലീസിന്റെ സമയോചിതമായ ഇടപെടലാണ് രംഗം ശാന്തമാക്കിയത്.

കൂടാതെ, കോടഞ്ചേരിയിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ.എം. അഭിജിത്തിനെ എൽഡിഎഫ് പ്രവർത്തകർ തടയാൻ ശ്രമിച്ചത് വലിയ സംഘർഷത്തിലേക്ക് വഴിമാറി. ഇതിനിടയിൽ പരിക്കേറ്റ യുഡിഎഫ് ഏജന്റ് സുബൈദയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
സാങ്കേതിക തകരാറുകൾ പലയിടത്തും വോട്ടെടുപ്പ് വൈകിപ്പിച്ചു. പൂവമ്പഴം, വാണിമേൽ, വെള്ളിയോട് എന്നിവിടങ്ങളിലെ ബൂത്തുകളിൽ വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കിയത് വോട്ടർമാരെ വലച്ചു. വാണിമേലിൽ പ്രായപൂർത്തിയാകാത്ത ആൾ വോട്ട് ചെയ്യാനെത്തിയത് വലിയ വിവാദമായെങ്കിലും പിന്നീട് നേതാക്കൾ ഇടപെട്ട് പ്രശ്നം പരിഹരിച്ചു.
അതേസമയം, മുൻകാലങ്ങളിൽ പ്രശ്നബാധിതമായിരുന്ന കച്ചേരി മുരിപ്പാറ ബൂത്തിൽ ഇത്തവണ സമാധാനപരമായ അന്തരീക്ഷമായിരുന്നു. തിരഞ്ഞെടുപ്പ് സുഗമമാക്കാൻ സഹകരിച്ച രാഷ്ട്രീയ പാർട്ടികളെയും പ്രവർത്തകരെയും നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അഭിനന്ദിച്ചു.
Polling concludes without any untoward incident in Nadapuram

































