വളയം: (nadapuram.truevisionnews.com) ഒന്നരക്കോടി രൂപ ചെലവിൽ നിർമ്മിച്ച അത്യാധുനിക ബഹുനില മന്ദിരത്തിൽ സകല സൗകര്യങ്ങളുമുണ്ടെന്ന് പുറമെക്ക് തോന്നിപ്പിക്കുമെങ്കിലും, വൈദ്യുതി പോയാൽ വളയം പോലീസ് സ്റ്റേഷൻ ഇരുട്ടിലാകുന്ന അവസ്ഥയാണുള്ളത്.
മാവോവാദി ഭീഷണി നിലനിൽക്കുന്ന അതീവ സുരക്ഷാ മേഖലയിലുള്ള സ്റ്റേഷനായിട്ടും, പവർ ബാക്കപ്പ് സംവിധാനങ്ങൾ ഒരുക്കുന്നതിൽ ആഭ്യന്തര വകുപ്പ് കാണിക്കുന്ന അനാസ്ഥ പോലീസുകാർക്കും നാട്ടുകാർക്കും ഒരുപോലെ ആശങ്കയുണ്ടാക്കുന്നു.
രാത്രികാലങ്ങളിൽ കറന്റ് പോയാൽ മൊബൈൽ ടോർച്ചും ചെറിയ പോർട്ടബിൾ ലാമ്പുകളും മാത്രമാണ് പോലീസുകാർക്ക് ഏക ആശ്രയം. സ്റ്റേഷനിലെ ദൈനംദിന ഔദ്യോഗിക ജോലികൾ മുതൽ ഭക്ഷണം കഴിക്കുന്നത് വരെ ഇത്തരത്തിൽ പരിമിതമായ വെളിച്ചത്തിലാണ് നടക്കുന്നത്.
പോലീസ് ഹൗസിങ് സൊസൈറ്റി കെട്ടിടം പണി പൂർത്തിയാക്കിയപ്പോൾ ഫണ്ട് തീർന്നെന്ന കാരണം പറഞ്ഞ് ഇൻവെർട്ടറോ ജനറേറ്ററോ സ്ഥാപിക്കാതെയാണ് കൈമാറിയത്. പഴയ കെട്ടിടത്തിലുണ്ടായിരുന്ന ചെറിയ ഇൻവെർട്ടർ പുതിയ ബഹുനില കെട്ടിടത്തിന് ഒട്ടും പര്യാപ്തവുമല്ല.

ഇന്റർലോക്കും ഇന്റീരിയർ പണികളും പോലും പോലീസുകാർ സ്വന്തം നിലയിൽ പണം പിരിച്ചാണ് പൂർത്തിയാക്കിയത്. പുതിയൊരു ഇൻവെർട്ടർ സ്ഥാപിക്കാൻ അൻപതിനായിരം രൂപയോളം ചെലവ് വരുമെന്നിരിക്കെ, ഒന്നരക്കോടി മുടക്കി പണിത കെട്ടിടത്തിന്റെ കാര്യത്തിൽ ഇത്തരമൊരു വീഴ്ച സംഭവിച്ചത് വലിയ അഴിമതി ആരോപണങ്ങൾക്കും വഴിതുറന്നിട്ടുണ്ട്.
സുരക്ഷാ ഭീഷണിയുള്ള സ്റ്റേഷൻ ഇരുട്ടിലാകുന്നത് പോലീസുകാരുടെ ജീവന് തന്നെ അപകടമാണെന്നിരിക്കെ, അടിയന്തരമായി ഫണ്ട് അനുവദിക്കണമെന്ന ആവശ്യത്തിന് ഇതുവരെ അധികൃതർ അനുകൂലമായ മറുപടി നൽകിയിട്ടില്ല.
Security threat at Valayam police station

































