#Latest News #Valayam #Road Accident #Drowning #Suicide
നാദാപുരം: (nadapuram.truevisionnews.com) മണിക്കൂറുകൾക്കുള്ളിൽ നാദാപുരം മേഖലയിലെ വളയം കുറുവന്തേരി പ്രദേശങ്ങൾ ദൃക്സാക്ഷിയായത് മൂന്ന് ആകസ്മിക മരണങ്ങൾക്കാണ്. ആഹ്ലാദങ്ങളും പ്രതീക്ഷകളും ബാക്കിവെച്ച് യുവാക്കൾ മടങ്ങിയപ്പോൾ ഇരുട്ടിലായത് കുടുംബങ്ങൾ. എന്തിനും ഏതിനും നാടിനും നാട്ടുകാർക്കും തണലായി നിന്ന യുവാക്കളുടെ വേർപാട് പ്രിയപ്പെട്ടവരെയും നാട്ടുകാരെയും അക്ഷരാർഥത്തിൽ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
ഇന്നലെ രാത്രി എട്ടരയോടെ വളയം ചുഴലി റോഡിൽ നടന്ന അപകടം നാടിന്റെ ഉറക്കം കെടുത്തി. ജോലി കഴിഞ്ഞ് സുഹൃത്തുകളോടെപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന നിരുമ്മൽ സ്വദേശി വള്ളിൽ രാഹുലാണ് (28) യാത്രയ്ക്കിടയിൽ റോഡപകടത്തിൽ പെട്ട് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്കിൻ്റെ പിൻ സീറ്റിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ രാഹുലിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
ജീവൻ രക്ഷിക്കാൻ വേണ്ടി നാട്ടുകാർ ഓടിക്കൂടി ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒപ്പം അപകടത്തിൽപ്പെട്ട രണ്ടു പേർ പരിക്കുകളോടെ രക്ഷപെട്ടു. വളയം കുറ്റിക്കാട്ടെ സി.പി സൺസ് ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനത്തിലെ തൊഴിലാളികളായിരുന്നു രാഹുൽ ഉൾപ്പെടെയുള്ള മൂന്ന് പേരും. ഇത്ര വലിയ അപകടം എങ്ങനെ ഉണ്ടായി എന്നതിൽ നാട്ടുകാരിൽ വലിയ ആശങ്കയാണ് ഉയർത്തുന്നത്. പരേതനായ വള്ളിൽ രവീന്ദ്രന്റെയും ലീലയുടെയും മകനാണ് രാഹുൽ. സഹോദരി:രമ്യ.
രാഹുലിന്റെ വിയോഗം വിശ്വസിക്കാനാവാതെ ഉറക്കം എണീറ്റ വളയത്തെ ജനങ്ങൾ കേട്ടത് മറ്റൊരു ദുഃഖവാർത്തയാണ്. രാവിലെ പതിവ് പോലെ കളിക്കാൻ പോവുകയാണെന്ന് പറഞ്ഞാണ് വളയം ടൗണിനടുത്തെ 43-കാരനായ ഇടികുന്നുമ്മൽ രഞ്ജിത്ത് വീട്ടിൽ നിന്നും ഇറങ്ങിയത്. എന്നാൽ മടങ്ങി എത്തുന്ന സമയമായിട്ടും എത്താതായപ്പോൾ രഞ്ജിത്തിനെ കാണാനില്ലെന്ന പരാതിയുമായി കുടുംബം വളയം പോലീസിനെ സമീപിക്കുകയായിരുന്നു.
പുലർച്ചെ അഞ്ചരയോടെ ബണ്ട് പരിസരത്ത് രഞ്ജിത്തിന്റെ സ്കൂട്ടർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതാണ് സംശയത്തിന് വഴിവെച്ചത്. സ്കൂട്ടറിൽ കുടയും ചെരുപ്പും ബാക്കിയായതോടെയാണ് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പുഴയിൽ തിരച്ചിൽ ആരംഭിച്ചത്. രഞ്ജിത്തിന്റെ മരണം കുടുംബത്തിന് താങ്ങാവുന്നതിലപ്പുറമാണ്.
അധ്യാപികയായ ഭാര്യയും ചെറിയ മകളുമടങ്ങിയ കുടുംബത്തിൽ ഒരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. വീട് നിർമ്മാണം തുടങ്ങിയിട്ടുണ്ട്. എന്നാൽ ഒരു വർഷം മുമ്പ് ഇതേ പുഴയിൽ വീണ് മരിച്ച ബന്ധു റോഷിലിന്റെ ഓർമ്മകളും ഈ വിയോഗത്തോടെ വീണ്ടും തെളിയുന്നു. വളയം ഇടീക്കുന്നുമ്മൽ ഗോപാലൻ്റെയും കോമളയുടെയും മകനാണ് രഞ്ജിത്ത് (42) ഭാര്യ: ഷബിന (അധ്യപിക കല്ലാച്ചി ഗവ. ഹൈസ്കൂൾ) മകൾ: വാമിത.
രാഹുലിന്റെയും രഞ്ജിത്തിന്റെയും വിയോഗം ഉൾക്കൊള്ളുന്നതിന് മുൻപേ നാട്ടുകാരെ തേടിയെത്തിയത് കുറുവന്തേരിയിലെ ബാബുവിന്റെ മരണവാർത്തയായിരുന്നു. കുയ്യങ്ങാട്ട് ബാബു (49) എന്ന മുൻ ഇലക്ട്രീഷ്യനെയാണ് വീടിന്റെ വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബാബുവിന്റെ മരണവും പ്രദേശവാസികളെ ഞെട്ടിച്ചു. പരേതരായ കുയ്യങ്ങാട്ട് കണ്ണൻ്റെയും മാതയുടെയും മകനാണ് ബാബു.
ഒരു ദിവസം, മൂന്ന് മരണങ്ങൾ. നാദാപുരത്തിന്റെ മണ്ണിൽ നിന്ന് ഈ യുവാക്കൾ വിടവാങ്ങിയപ്പോൾ ഓരോ വീടുകളിലും ബാക്കിയായത് തീരാത്ത ഓർമ്മകളും, ഉറ്റവരുടെയും ഉടയവരുടെയും വിങ്ങുന്ന ഹൃദയങ്ങളുമാണ്. മൂന്ന് പേരുടെയും മൃതദേഹങ്ങൾ ഇന്ന് വൈകിട്ട് വീട്ടുവളപ്പുകളിൽ സംസ്‌കരിക്കും.
Content Highlight: Three Sudden Deaths In Nadapuram Within Hours: Road Accident, Drowning And Suicide







































