നാദാപുരം: ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി സ്ത്രീകൾക്കെതിരെ അതിക്രമണം തടയുന്നതിന് അംഗനവാടികൾ കേന്ദ്രീകരിച്ച് പിങ്ക് ബോക്സ് പരാതി പെട്ടികൾ നാദാപുരത്ത് സ്ഥാപിക്കുന്നു. 22 വാർഡുകളിലെയും ഓരോ അംഗനവാടിയിലാണ് പിങ്ക് ബോക്സ് സ്ഥാപിക്കുക .

കേരളത്തിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമം കൂടി വരികയും പോക്സോ കേസുകൾ നാൾക്ക് നാൾ വർധിച്ച് വരികയും ചെയ്യുന്ന അവസരത്തിലും ,നാദാപുരത്ത് ഈ അടുത്തായി പോക്സോ കേസ് റിപ്പോർട്ട് ചെയ്യുകയും ചെയ്തതിന്റെയും അടിസ്ഥാനത്തിലുമാണ് പിങ്ക് ബോക്സ് പരാതി പെട്ടികൾ സ്ഥാപിക്കുന്നത്.വനിതകൾ നേരിടുന്ന മാനസിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പഞ്ചായത്തിൽ വിമൻസ് ഫെസിലിറ്റേറ്റർ പ്രവർത്തിക്കുന്നുണ്ട്.
ജാഗ്രത സമിതി ശക്തിപ്പെടുത്തി പിങ്ക് ബോക്സിൽ ലഭിക്കുന്ന പരാതികളിൽ ഉടൻ നടപടി ഉണ്ടാകുന്നതാണ് .പഞ്ചായത്ത് പ്രസിഡന്റ്, ഐസിഡിഎസ് സൂപ്പർവൈസർ, വനിതാ അഭിഭാഷക ,പോലീസ് എന്നിവരുടെ സാന്നിധ്യത്തിൽ പരാതിപ്പെട്ടി തുറക്കുകയും തുടർനടപടി ജാഗ്രത സമിതി മുഖേന സ്വീകരിക്കുകയും ചെയ്യുന്നതാണ്.പരാതിപ്പെട്ടികളുടെ വിതരണം ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി നിർവഹിച്ചു ,ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി അറുപത്തിയാറായിരം രൂപ ചെലവഴിച്ചാണ് ബോക്സുകൾ സ്ഥാപിക്കുന്നത്. ഇതിന്റെ ഭാഗമായി പഞ്ചായത്ത് ഓഫീസിലും ബോക്സ് സ്ഥാപിച്ചു .
പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ്,ഐ സി ഡി എസ് സൂപ്പർവൈസർ വി ശാലിനി, മെമ്പർ റീന കണയബ്രക്കൽ ,വിമൻസ് ഫെസിലിറ്റേറ്റർ പ്രിൻസിയ ബാനു ബീഗം എന്നിവർ സംസാരിച്ചു.
Nadapuram gram panchayat with pink box to prevent violence against women