പുറമേരി: (nadapuramnews.com) കിണറിലേക്ക് മലിനജലം ഒഴുക്കിയതിന് പുറമേരി ഗ്രാമ പഞ്ചായത്ത് അരലക്ഷം രൂപ പിഴയീടാക്കി . വെള്ളൂർ റോഡിന് സമീപത്ത് വാർഡ് 17 ലെ അമയ കോട്ടേഴ്സിലെ സെപ്റ്റിക് ടാങ്കിലെ മലിനജലമാണ് പൊതുസ്ഥലത്തേക്ക് ഒഴുക്കിയത്. കോട്ടേഴ്സിനോട് ചേർന്ന് കിണറിലേക്ക് മലിന ജലം ഒഴുക്കുകയും കിണറിൽ നിന്ന് മലിനജലം പൊതു ഓടയിലേക്ക് ഒഴുക്കിയതായും കണ്ടെത്തി.

അമയ കോട്ടേഴ്സ് ഉടമ എടച്ചേരി കണിയാന്റെ പറമ്പത്ത് ജയരാജനാണ് പുറമേരി പഞ്ചായത്ത് അരലക്ഷം രൂപ പിഴയിട്ടത്. മലിനജലം ഒഴുക്കുന്നു എന്ന നാട്ടുകാരുടെ പരാതി പഞ്ചായത്തിൽ ലഭിച്ചതിനെ തുടർന്ന് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ജീവനക്കാരും ആരോഗ്യ വിഭാഗവും പരിശോധന നടത്തുകയായിരുന്നു. മലിനജലം ഒഴുക്കിവിടുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
എട്ടു മുറികളിലായി ഏകദേശം 32 പേരാണ് കോർട്ടേഴ്സിൽ താമസിക്കുന്നത്. ഇതിനാവശ്യമായ സംവിധാനമുള്ള സെപ്റ്റിക് ടാങ്ക് കെട്ടിടത്തിന് ഇല്ല എന്നും പഞ്ചായത്ത് കണ്ടെത്തി. മുറികളുടെ കുളിമുറിയും കക്കൂസും ബ്ലോക്ക് ആയി പകർച്ചവ്യാധികൾ പടർന്നു പിടിക്കാനുള്ള സാധ്യതയും നിലവിലുള്ളതായി ബോധ്യപ്പെട്ടു.
താമസക്കാരെ സുരക്ഷിതമായി മാറ്റിപ്പാർപ്പിച്ച് ഏഴു ദിവസത്തിനുള്ളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി പഞ്ചായത്തിനെ അറിയിക്കാനും നിർദ്ദേശം നൽകി. പരിശോധനയിൽ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കറ്റ് വി.കെ. ജ്യോതി ലക്ഷ്മി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിജിഷ കെ.എം, സെക്രട്ടറി പി.ജി. സിന്ധു, അസി.സെക്രട്ടറി സി.കെ മീന, ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആതിര എന്നിവർ പങ്കെടുത്തു.
#Sewage #poured #well #PurameriPanchayath #imposed #fine #halflakhrupees