നാദാപുരം : (nadapuram.truevisionnews.com) കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ടി.ബി വിഭാഗം നൽകുന്ന വെങ്കലം അവാർഡിന് നാദാപുരം ഗ്രാമപഞ്ചായത്തിനെ തെരഞ്ഞെടുത്തു.

ക്ഷയരോഗമുക്ത ഗ്രാമത്തിനായി നാദാപുരം ഗ്രാമപഞ്ചായത്ത് വിജയകരമായി നടത്തിയ ആരോഗ്യപ്രവർത്തനങ്ങളെ വിലയിരുത്തിയാണ് അവാർഡിന് തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയിലെ ക്ഷയരോഗമുക്ത ഗ്രാമപഞ്ചായത്തുകൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലെ ടി.ബി ഡിവിഷൻ നൽകിവരുന്നതാണ് വെങ്കലം അവാർഡ്.
കോഴിക്കോട് ജില്ലയിൽ ആദ്യമായാണ് ഒരു ഗ്രാമപഞ്ചായത്തിന് വെങ്കലം അവാർഡ് ലഭിക്കുന്നത്. മഹാത്മാ ഗാന്ധിയുടെ ആരോഗ്യ ഗ്രാമം എന്ന സങ്കൽപത്തെ മുൻനിർത്തി ഗാന്ധിജിയുടെ വെങ്കല പ്രതിമയാണ് അവാർഡിനർഹമാകുന്ന ഗ്രാമപഞ്ചായത്തുകൾക്ക് ആദ്യം നൽകുന്നത്.
ക്ഷയരോഗമുക്ത ഗ്രാമമായി രണ്ടാം വർഷവും തുടർന്നാൽ സിൽവർ അവാർഡും 3ാം വർഷവും തുടർന്നാൽ ഗോൾഡൻ അവാർഡും ലഭിക്കുന്നതാണ്.
ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഗൃഹസമ്പർക്കത്തിലൂടെ രോഗലക്ഷണമുള്ളവരെ കണ്ടുപിടിച്ചും വാർഡടിസ്ഥാനത്തിൽ ടി.ബി.പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചും ക്ഷയരോഗമുള്ളവരെ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇവർക്ക് 6 മാസത്തെ സൗജന്യ തുടർചികിത്സ നാദാപുരം താലൂക്ക് ആശുപത്രി സുപ്രണ്ടിൻ്റെ മേൽനോട്ടത്തിൽ ഉറപ്പാക്കി.
ചികിത്സാ കാലത്ത് രോഗികൾക്കാവശ്യമായ പ്രോട്ടീൻ ഫുഡും ഈന്തപ്പഴം,കശുവണ്ടിപ്പരിപ്പ്, ബദാം,ഉണക്കമുന്തിരി, കടല, പയർ തുടങ്ങിയവ ഉൾപ്പെടുന്ന ഭക്ഷ്യക്കിറ്റ് ഗ്രാമപഞ്ചായത്തും നൽകിപ്പോന്നു. രോഗികൾക്ക് രോഗത്തെ സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങളും നൽകിയിരുന്നു.
ലോക ക്ഷയരോഗ ദിനമായ മാർച്ച് 24 ന് കോഴിക്കോട് ജില്ലാ കളക്ടറാണ് അവാർഡ് നൽകുന്നത്.
#TB #Prevention #Nadapuram #Grama #Panchayat #wins #Bronze #Award #Central #Health #Department