നാദാപുരം: ജില്ലയിലെ പ്രവാസിസംരംഭകർക്കായി നോർക്ക റൂട്‌സും എസ്.ബി.ഐയും നാദാപുരത്ത് സംഘടിപ്പിച്ച പ്രവാസി ബിസിനസ് ലോൺ ക്യാമ്പിൽ (മാർച്ച് 22) 30 സംരംഭകർക്കായി 3.55 കോടി രൂപയുടെ വായ്‌പകൾക്ക് ശിപാർശ നൽകി. ക്യാമ്പിൽ പങ്കെടുത്ത 44 പ്രവാസി സംരംഭകരിൽ 12 പേരോട് അവശ്യമായ രേഖകൾ ഹാജരാക്കാൻ നിർദ്ദേശിച്ചു.

മഹാകവി മോയിൻകുട്ടി വൈദ്യർ സ്‌മാരക മാപ്പിളകലാ അക്കാദമി സബ്‌സെൻ്റർ ഹാളിലായിരുന്നു ക്യാമ്പ്. നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്‌ട് ഫോർ റിട്ടേൺഡ് എമിഗ്രൻസ് അഥവ എൻ.ഡി.പി.ആർ.ഇ.എം പദ്ധതി പ്രകാരമാണ് ക്യാമ്പ്.
രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും എൻ.ഡി.പി.ആർ.ഇ.എം പദ്ധതി പ്രയോജനപ്പടുത്താം.
താൽപര്യമുള്ളവർക്ക് നോർക്ക റൂട്ട്സ് വെബ്ബ്സൈറ്റായ www.norkaroots.org സന്ദർശിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്. പ്രവാസി കൂട്ടായ്മ്‌മകൾ, പ്രവാസികൾ ചേർന്ന് രൂപീകരിച്ച കമ്പനികൾ, സൊസൈറ്റികൾ എന്നിവർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്.
കൃത്യമായ വായ്‌പാ തിരിച്ചടവിന് മൂലധന സബ്‌സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്‌സിഡിയും (ആദ്യത്തെ നാലു വർഷം) എൻ.ഡി.പി.ആർ.ഇ.എം പദ്ധതി വഴി സംരംഭകർക്ക് ലഭിക്കും
#Nadapuram #expatriate #business #loan #camp #Loans #worth #fund #recommended #entrepreneurs