നാദാപുരം :(nadapuram.truevisionnews.com) നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിനിടെ ഇരുന്നിലാട് കുന്നിൽ ചെങ്കൽ ഖനനം തുടങ്ങി. പ്രതിഷേധവുമായി രംഗത്തെത്തിയ നാട്ടുകാരെ പിരിച്ചുവിടാനുള്ള പൊലീസിൻ്റെ ശ്രമത്തിനിടെ സംഘർഷം. സ്ത്രീകൾ അടക്കമുള്ള സമര സമിതി പ്രവർത്തകർക്ക് പരിക്ക്. ശനിയാഴ്ച്ച രാവിലെ 9 മണിയോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഗുരതര പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ഇടയാക്കുന്ന കുന്നിൻ മുകളിൽ ചെങ്കൽ ഖനനം നടത്താൻ ഹൈക്കോടതി ഉത്തരവുമായി ഉടമകൾ എത്തിയത്.

വളയം സബ് ഇൻസ്പെക്ടർ ആർ.സി ബിജുവിൻ്റെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹവും സ്ഥലത്ത് എത്തിയിരുന്നു. വിവരമറിഞ്ഞ് സ്ത്രികളടക്കമുള്ള പ്രദേശവാസികൾ ഖനന മേഖലയിലേക്കുള്ള റോഡിൽ നിലയുറപ്പിച്ചിരുന്നു. ഖനന സാമഗ്രികളുമായി ലോറി എത്തിയതോടെ പോലീസ് സമരക്കാരെ ബലം പ്രയോഗിച്ച് നീക്കം ചെയ്തു. ഇരുന്നലാട് കുന്ന് സമരസമിതി നേതാക്കളായ കെ പി നാണു, കെ പി കുമാരൻ , കെ പി അനൂപ് , ചന്ദ്രൻ തോട്ടത്തിൽ എന്നിവരെ വളയം പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി.
ഇതിന് ശേഷം ഖനനം തുടരുകയായിരുന്നു. ഉച്ചയോടെ ഖനനം ചെയ്തെടുത്ത കല്ല് കൊണ്ട് പോകുന്നത് നാട്ടുകാർ വീണ്ടും തടഞ്ഞത് സംഘർഷത്തിനിടയാക്കി.ഇതിനിടെ സി.പി.എം നേതാവ് പാറയിടുക്കിൽ കുമാരന് പരിക്കേറ്റു. തുടർന്ന് സ്ത്രീകളടക്കമുള്ള പതിനൊന്ന് പേരെ അറസ്റ്റ് ചെയ്ത് വളയം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
IrunniladKunnil SamaraSamiti injured clash police