വാണിമേൽ: (nadapuram.truevisionnews.com) വാണിമേൽ ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ലോക ജനസംഖ്യാദിനാചരണം ശ്രദ്ധേയമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സുരയ്യ ഉദ്ഘാടനം ചെയ്തു. പവിത്രമായ മാതൃത്വം കാത്തുസൂക്ഷിക്കാൻ ശരിയായ പ്രായത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന ആരോഗ്യ പ്രവർത്തനങ്ങൾ എല്ലാ വിഭാഗം ജനങ്ങളിലും എത്തിക്കാൻ കഴിയണമെന്ന് സുരയ്യ പറഞ്ഞു.
മെഡിക്കൽ ഓഫീസർ ഡോ. സഫർ ഇഖ്ബാൽ ക്ലാസെടുത്തു. ആരോഗ്യ വിദ്യാഭ്യാസത്തിന്റെ അഭാവമാണ് പല സമൂഹങ്ങളിലും കൗമാരത്തിലുള്ള ഗർഭധാരണവും ആയതിന്റെ പ്രതിസന്ധികൾ തരണം ചെയ്യാനുള്ള പ്രയാസങ്ങളും നേരിടേണ്ടി വരുന്നതെന്ന് ഡോക്ടർ അഭിപ്രായപ്പെട്ടു.
കൗമാര ആരോഗ്യത്തിന് പ്രാധാന്യം നൽകിയുള്ള ബോധവൽക്കരണങ്ങളിലൂടെ മാത്രമേ ഇത്തരം പ്രവണതകൾക്ക് മാറ്റം വരുത്താൻ കഴിയുകയുള്ളൂ എന്നും ഡോക്ടർ പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽമരാജു അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ചന്ദ്രബാബു.എ, വാർഡ് മെമ്പർമാരായ വി.ശിവറാം, ഷൈനി എ.പി എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ കെ. ജയരാജ് സ്വാഗതവും റീന ഒ.പി നന്ദിയും പറഞ്ഞു.
World Population Day celebration Health activities should be extended to all sections of the population P Suraiya