നാദാപുരം: (nadapuram.truevisionnews.com) സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനായി സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന 'വികസന മുന്നേറ്റ ജാഥ' ഇന്ന് നാദാപുരത്ത് എത്തും.
ഫെബ്രുവരി 1-ന് മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച ജാഥ ഫെബ്രുവരി 15-ന് തരൂരിലാണ് സമാപിക്കുന്നത്. ഇന്ന് വൈകുന്നേരം 3 മണിക്ക് കല്ലാച്ചിയിൽ ജാഥയ്ക്ക് വൻവരവേൽപ്പ് നൽകും. ജാഥാ ക്യാപ്റ്റൻ എം.വി. ഗോവിന്ദൻ മാസ്റ്ററെയും മറ്റ് നേതാക്കളെയും സ്വീകരിക്കുന്നതിനായി വിപുലമായ ഒരുക്കങ്ങളാണ് സംഘാടക സമിതിയുടെ നേതൃത്വത്തിൽ പൂർത്തിയായിരിക്കുന്നത്.
പൊതുസമ്മേളനത്തിൽ വിവിധ രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളും സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും ചർച്ച ചെയ്യപ്പെടും. പരിപാടിയിൽ എല്ലാ ജനാധിപത്യ വിശ്വാസികളും പങ്കുചേരണമെന്ന് സംഘാടകർ അറിയിച്ചു.
മൂന്ന് മണിയോടെ കല്ലാച്ചിയിൽ എത്തുന്ന ജാഥയ്ക്ക് വൻ ജനപങ്കാളിത്തത്തോടെയുള്ള സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. പട്ടണത്തിലെങ്ങും കമാനങ്ങളും കൊടിതോരണങ്ങളും ഉയർന്നതോടെ കല്ലാച്ചി ചുവപ്പുക്കടലായി മാറി കഴിഞ്ഞു.

സ്വീകരണ പരിപാടി സംസ്ഥാനപാതയ്ക്ക് സമീപമുള്ള മരാംവീട്ടിൽ ഗ്രൗണ്ടിലാണ് നടക്കുന്നത്. ഏകദേശം പതിനയ്യായിരത്തിലധികം ആളുകൾ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. വളയം റോഡ് ജങ്ഷനിൽ വെച്ച് ബാൻ്റ് വാദ്യങ്ങളുടെ അകമ്പടിയോടെ തുറന്ന വാഹനത്തിൽ ജാഥാ ലീഡറെയും മറ്റ് അംഗങ്ങളെയും പ്രവർത്തകർ സ്വീകരിക്കും.
പകൽ 2.30-ഓടെ ജാഥാ അംഗങ്ങൾ എത്തുന്നതോടെ വിവിധ കലാപരിപാടികൾക്കും തുടക്കമാകും. ജനപക്ഷ വികസനത്തിന്റെ രാഷ്ട്രീയം സംവദിക്കാൻ ഒരുങ്ങുന്ന ഈ പരിപാടി വൻ വിജയമാക്കാനുള്ള ഒരുക്കങ്ങൾ സംഘാടക സമിതി പൂർത്തിയാക്കി.
The development march will be welcomed in Kallachi today









































