വളയം: (nadapuram.truevisionnews.com) പ്രമുഖ സോഷ്യലിസ്റ്റ് നേതാവും വളയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന കെ.പി. കുഞ്ഞികൃഷ്ണ കുറുപ്പിന്റെ ചരമവാർഷികം ആർ.ജെ.ഡിയുടെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പ്രഭാതഭേരി, പുഷ്പാർച്ചന, അനുസ്മരണ യോഗം എന്നിവ സംഘടിപ്പിച്ചു.
ആർ.ജെ.ഡി ദേശീയ സമിതിയംഗം കെ.പി. മോഹനൻ എം.എൽ.എ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. നാദാപുരം മേഖലയിൽ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ വളർത്തിയെടുക്കുന്നതിൽ കുഞ്ഞികൃഷ്ണ കുറുപ്പ് വഹിച്ച പങ്ക് വലുതാണെന്നും അദ്ദേഹത്തിന്റെ സാമൂഹ്യ സേവന പ്രവർത്തനങ്ങൾ എക്കാലവും സ്മരിക്കപ്പെടുമെന്നും എം.എൽ.എ പറഞ്ഞു.
ആർ.ജെ.ഡി നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ് വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ദേശീയ സമിതിയംഗം മനയത്ത് ചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റിയംഗം പി.എം. നാണു, ടി.കെ. രാഘവൻ അടിയോടി, മടാക്കൽ ബാബുരാജ് എന്നിവർ സംസാരിച്ചു.
ആർ.ജെ.ഡി വളയം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം. കുഞ്ഞികൃഷ്ണൻ സ്വാഗതവും രഞ്ജിത്ത് വളയം നന്ദിയും രേഖപ്പെടുത്തി.
K.P. Kunjikrishna Kurup's death anniversary observed











































