നാദാപുരം: (nadapuram.truevisionnews.com) നാദാപുരം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. പി. വസന്തത്തിന്റെ തെരഞ്ഞെടുപ്പ് പര്യടനം ആവേശകരമായി തുടരുന്നു. തനിക്ക് ഏറെ സുപരിചിതമായ കല്ലാച്ചി കോർട്ട് റോഡിൽ നിന്നാണ് ബുധനാഴ്ച രാവിലെ സ്ഥാനാർഥി പ്രചാരണം ആരംഭിച്ചത്.
മൂന്ന് പതിറ്റാണ്ടിലേറെയുള്ള തന്റെ പ്രവൃത്തിമണ്ഡലത്തിൽ സഹപ്രവർത്തകരും വോട്ടർമാരും ഊഷ്മളമായ വരവേൽപ്പാണ് സ്ഥാനാർഥിക്ക് നൽകിയത്. കല്ലാച്ചി മിനി സിവിൽ സ്റ്റേഷൻ, എക്സൈസ് ഓഫീസ്, ട്രഷറി, കെഎസ്എഫ്ഇ എന്നിവിടങ്ങൾ സന്ദർശിച്ച വസന്തം ജീവനക്കാരോട് വോട്ടഭ്യർഥിച്ചു.
തുടർന്ന് നാദാപുരം താലൂക്ക് ആശുപത്രിയിലെത്തിയ സ്ഥാനാർഥി ഡോക്ടർമാരോടും രോഗികളോടും നേരിട്ട് സംസാരിച്ചു. ഉച്ചകഴിഞ്ഞ് വിലങ്ങാട് പന്നിയേരി ഉന്നതിയിലും മാടാഞ്ചേരി കോളനിയിലും വോട്ടർമാരെ കണ്ടു.
രാഷ്ട്രീയ പര്യടനത്തോടൊപ്പം സാമൂഹിക ഇടപെടലുകൾക്കും വസന്തം സമയം കണ്ടെത്തി. പച്ചപ്പാലം ശ്രീകൃഷ്ണ ക്ഷേത്ര ഉത്സവത്തിൽ പങ്കെടുത്ത സ്ഥാനാർഥി, വാണിമേലിലെ മരണ വീടുകളിലും സന്ദർശനം നടത്തി. എൽഡിഎഫ് നേതാക്കൾക്കൊപ്പം ചെക്യാട്, കുറുവന്തേരി, വളയം പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിലും വോട്ടഭ്യർഥന നടത്തിക്കൊണ്ട് പര്യടനം മുന്നേറുകയാണ്.
LDF candidate visits offices and colonies to solicit votes









































