Apr 11, 2026 02:32 PM

നാദാപുരം: (nadapuram.truevisionnews.com) സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ മണ്ഡലം കമ്മിറ്റികൾ നൽകിയ പ്രാഥമിക കണക്കുകൾ പുറത്തുവരുമ്പോൾ സിപിഐ കേന്ദ്രങ്ങളിൽ കടുത്ത ആശങ്ക പുകയുന്നു.

പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിലൊന്നായ നാദാപുരം മണ്ഡലം കൈവിട്ടുപോകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലാണ് നേതൃത്വത്തെ ഏറ്റവും കൂടുതൽ സമ്മർദ്ദത്തിലാക്കുന്നത്. നാദാപുരത്തിന് പുറമെ മന്ത്രിമാരായ കെ. രാജൻ മത്സരിച്ച ഒല്ലൂരിലും ജെ. ചിഞ്ചുറാണി മത്സരിച്ച ചടയമംഗലത്തും അപ്രതീക്ഷിതമായ കടുത്ത പോരാട്ടമാണ് നടന്നതെന്നാണ് പാർട്ടി വിലയിരുത്തുന്നത്.

വിജയം ഉറപ്പുള്ള പത്ത് മണ്ഡലങ്ങളുടെ പട്ടിക സിപിഐ തയ്യാറാക്കിയെങ്കിലും അതിൽ ഒല്ലൂരും ചടയമംഗലവും ഇടംപിടിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. പട്ടാമ്പിയിലും അടൂരിലും വിജയസാധ്യത കുറവാണെന്ന് പാർട്ടി കണക്കുകൂട്ടുന്നു.

മണ്ഡലം കമ്മിറ്റികളിൽ നിന്ന് ലഭിച്ച ഈ റിപ്പോർട്ടുകൾ ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റും എക്‌സിക്യൂട്ടീവും വിശദമായി ചർച്ച ചെയ്യും. പ്രാദേശികമായ വോട്ട് ചോർച്ചയും ഭരണവിരുദ്ധ വികാരവും എവിടെയൊക്കെ പ്രതിഫലിച്ചു എന്നതാകും യോഗം പ്രധാനമായും പരിശോധിക്കുക.

അതേസമയം, പാർട്ടിക്കുള്ളിലെ ഈ ആശങ്കകൾക്കിടയിലും പരസ്യപ്രതികരണത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തിയത്. ഇടതുമുന്നണിയും സിപിഐഎമ്മും തികഞ്ഞ പ്രതീക്ഷയിലാണെന്നും സംസ്ഥാനത്ത് ഭരണത്തുടർച്ച ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങൾ എൽഡിഎഫിന് മൂന്നാമൂഴം നൽകുമെന്നും എസ്ഡിപിഐ ഉൾപ്പെടെയുള്ള വർഗീയ ശക്തികളുടെ വോട്ട് തങ്ങൾക്ക് ആവശ്യമില്ലെന്നും, മനുഷ്യന്റെ വോട്ടാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

CPI's initial assessment is that Nadapuram constituency will be lost.

Next TV

Top Stories










News Roundup