നാദാപുരം: (https://nadapuram.truevisionnews.com/) നേരത്തോട് നേരം എത്തിയില്ല, സ്നേഹവും വാത്സല്യവും കണ്ണീർ മഴയായി പെയ്തപ്പോൾ പുഴ തോറ്റ് പോയി. ഒടുവിൽ ആ കുഞ്ഞുമോൾ കുഞ്ഞുപ്പയ്ക്കടുത്ത് തന്നെ മൈലാഞ്ചിച്ചോട്ടിൽ മയങ്ങി.
ഇന്നലെ പുഴയിൽ ജീവൻ പൊലിഞ്ഞ ഇരുവരുടെയും കബറടക്കം അല്പ സമയം മുമ്പ് പാറക്കടവ് ജുമാ മസ്ജിദിൽ നടന്നു. മയ്യത്ത് നിസ്ക്കാരത്തിന് ശേഷം സുഹാദയുടെ മൃതദേഹം വയനാട്ടിലേക്ക് കൊണ്ടുപോയി. 3: 10ഓടെയാണ് അൻസാറിന്റെയും ഇസ്സ മറിയത്തിന്റെയും മൃതദേഹം സംസ്കരിച്ചത് . മയ്യത്ത് നിസ്കാരത്തിന് ശേഷമാണ് സുഹാദയുടെ മൃതദേഹം ബന്ധുക്കൾ വയനാട്ടിലേക്ക് കൊണ്ടുപോയത്.
പുളിയാവ് അരിക്കൽ കണ്ടി അൻസാർ (45), ഭാര്യ സുഹാദ (36), അൻസാറിന്റെ സഹോദരൻ അനീഫയുടെ മകൾ ഇസ്സ മറിയം (7) എന്നിവരാണ് മരിച്ചത്. മയ്യഴി പുഴയുടെ ഭാഗമായ പുളിയാവ് നാമത്ത് എളവന പുതിയ പാലത്തിന് സമീപം ഇന്നലെ പകൽ മൂന്നരയോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്.
ഒരു പ്രവാസി കുടുംബമായ അരീകുണ്ടിൽ വീട്ടിൽ ആഹ്ലാദം നിറഞ്ഞ നാളുകളായിരുന്നു ഇന്നലെ ഉച്ചവരെ . സഹോദരങ്ങളും അവരുടെ ഭാര്യമാരും കുഞ്ഞുങ്ങളും മുത്തശ്ശിയുമായി സന്തോഷം നിറഞ്ഞ വീട്. ക്ഷണിക്കാതെ എത്തിയ ദുരന്തം കുടുംബത്തിന്റെ സന്തോഷം എന്നെന്നേക്കുമായി കെടുത്തി .

നിയമസഭ തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാനും തന്റെ പൂർണ ഗർഭിണിയായ ഭാര്യ അസ്മിനയുടെയും അടുത്തേക്ക് സന്തോഷത്തോടെ ഓടിയെത്തിയ ഗൾഫിലായിരുന്ന ഹനീഫയ്ക്ക് നെഞ്ചു പിളർത്തുന്ന വേദനയാണ് പുളിയാവ് പുഴ സമ്മാനിച്ചത്.
വളയത്തെ വീട്ടിലായിരുന്നു ഉമ്മ വോട്ട് രേഖപ്പെടുത്താൻ വേവത്തെ വീട്ടിലേക്ക് പോയപ്പോൾ ഇസ്സയും കൂടെ പോകുകയായിരുന്നു. ഇസ്സ ഉമ്മയുടെ വീട്ടിലാണ് അധിക സമയവും ഉണ്ടാകാറുള്ളത്. ഇന്നലെ രാവിലെ ഉപ്പാപ്പ കൂട്ടിക്കൊണ്ട് പോകാൻ വരില്ലെന്ന് അറിഞ്ഞതോടെ ഉച്ച ഭക്ഷണം കഴിഞ്ഞ് പുഴയിൽ അലക്കാൻ പോകുകയായിരുന്ന സുഹാദയുടെയും മക്കൾക്കുമൊപ്പം പുഴയിലേക്ക് പോകുകയായിരുന്നു ഇസ്സ.
കുട്ടികൾ പുഴയോരത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഇസ്സ പാലത്തിനടുത്തെ ചെറിയ വെള്ളക്കെട്ടിലേക്ക് നടന്നുനീങ്ങിയത് . കൺചിമ്മി തുറക്കുമുൻപേ കുട്ടി വെള്ളത്തിനടിയിലെ ചളിയിൽ പൂണ്ടു . പൊന്നുമോളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ സുഹാദയും മുങ്ങി താഴുന്നത് കണ്ടതോടെ കരയിൽ നിന്ന മറ്റു രണ്ട് കുഞ്ഞുങ്ങൾ അലറി വിളിച്ച് വീടിന്റെ ഭാഗത്തേക്ക് ഓടി.
കുട്ടികളുടെ കരച്ചിൽ കേട്ടാണ് സുഹാദയുടെ ഭർത്താവ് അൻസാർ ഓടിയെത്തിയത് . പുഴയിൽ ഇറങ്ങിയ അൻസാറും ഉഴിയിലെ ചെളിയിൽ അകപ്പെട്ട് പോകുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ മൂന്നുപേരെയും താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പാലത്തിന് തൂൺ നിർമ്മിക്കാനെടുത്ത വീതിയേറിയ കുഴിയിൽ നിറഞ്ഞ ചെളിയാണ് മൂന്ന്പേരുടെയും ജീവനെടുത്തത്ത് .
തൂണേരി ജില്ലാ വൈസ് പ്രസിഡന്റ് കെ കെ നവാസ്, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രതീഷ് , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരായ അഹമ്മദ് പുന്നയ്ക്കൽ,വളപ്പിൽ കുഞ്ഞമ്മദ്,സഫീറ മൂന്നാംകുനിയിൽ തുടങ്ങിയ ജനപ്രതിനിധികളും, കെഎം അഭിജിത്ത് , പി പി ചത്തു, അഡ്വ. പി ഗവാസ് , സൂപി നരിക്കാട്ടേരി, മുഹമ്മദ് ബംഗ്ലത്ത് ,വി വി മുഹമ്മദലി,കെ എം സമീർ , കെ പി മുഹമ്മദ് , മോഹനം പാറക്കടവ്, കെ എം രഘുനാഥ് , രതീഷ് വളയം തുടങ്ങിയ രാഷ്ടിയപാർട്ടി നേതാക്കളും സംസ്കാര ചടങ്ങിൽ പങ്കെടുത്തു.
Death due to drowning in Nadapuram, bodies cremated









































