വടകര : (vatakara.truevisionnews.com) ആർഎംപിഐ പ്രവർത്തകനും കെ കെ രമ എംഎൽഎയുടെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗവുമായിരുന്ന ആർ റിജുവിന് വിഷു ആഘോഷിക്കുന്നതിനിടെ വടകര കണ്ണംകുഴിയിലെ വീട്ടുമുറ്റത്ത് പടക്കം പൊട്ടി വലതു കൈക്ക് അപകടം സംഭവിച്ചിരുന്നു. വടകര സഹകരണ ആശുപത്രിയിൽ ചികിത്സ തേടുകയും വീട്ടിലേക്ക് മടങ്ങി സുഖംപ്രാപിച്ച് വരികയുമാണ്. പരിക്ക് ഗുരുതരം അല്ല.
വിഷുദിനത്തിൽ ഉച്ചഭക്ഷണത്തിനുശേഷം കുടുംബാംഗങ്ങളെല്ലാം ഒത്തുചേർന്ന് വീട്ടുമുറ്റത്ത് പടക്കം പൊട്ടിക്കുന്നതിനിടയിലാണ് അബദ്ധത്തിൽ അപകടം സംഭവിച്ചത്. എന്നാൽ ഈ സംഭവത്തെ ബോംബ് സ്ഫോടനമായും റിജുവിന്റെ കൈപ്പത്തി അറ്റുപോയി എന്ന നിലയിലും സാമൂഹ്യ മാധ്യമങ്ങളിലും തുടർന്ന് മറ്റു മാധ്യമങ്ങളിലും വാർത്ത നൽകി. ആർ.എം.പി.ഐ പാർട്ടിയേയും, കെ കെ രമയേയും, റിജുവിനെയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പ്രചരണം നടത്തിയിരിക്കുകയാണ്.
പാർട്ടിയുടെയും പ്രവർത്തകരുടെയും ജന സ്വീകാര്യതയിൽ വിളറികൊള്ളുന്ന സിപിഐഎം വടകരയിൽ നടത്തിക്കൊണ്ടിരിക്കുന്ന നിരന്തരമായ കുപ്രചരണങ്ങളുടെ തുടർച്ചയാണ് ഈ സംഭവവും. വസ്തുതക്ക് നിരക്കാത്ത ഇത്തരം പ്രചരണങ്ങളിൽ വീണുപോകരുതെന്ന് ബഹുജനങ്ങളോടും, നാട്ടിൽ കലാപത്തിന് ആഹ്വാനം ചെയ്യുന്ന രൂപത്തിൽ പ്രചരണങ്ങൾ നടത്തുന്ന ഇത്തരം സാമൂഹ്യവിരുദ്ധ ശക്തികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും ബന്ധപ്പെട്ട അധികാരികളോടും ആർഎംപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
Bombshell lies; Be vigilant against the propaganda being systematically carried out by the CPI(M) - RMPI
































