നാദാപുരം: (nadapuram.truevisionnews.com) തൂണേരിപഞ്ചായത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാതെ ജനവാസ കേന്ദ്രത്തിന് സമീപം തുറസ്സായ സ്ഥലത്ത് നിക്ഷേപിക്കുന്നത് വൻ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതായി നാട്ടുകാർ.
നിലവിൽ പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ നിന്ന് ശേഖരിക്കുന്ന മുഴുവൻ പ്ലാസ്റ്റിക് മാലിന്യങ്ങളും യാതൊരു സുരക്ഷാ മാനദണ്ഡങ്ങളുമില്ലാതെ ഈ ഒഴിഞ്ഞ പറമ്പിലാണ് കൂട്ടിയിട്ടിരിക്കുന്നത്.
റോഡുകളിൽ മാലിന്യം ശരിയായ രീതിയിൽ കെട്ടിവെക്കാത്തതും മറയില്ലാത്തതുമായ മാലിന്യക്കൂമ്പാരത്തിൽ നിന്ന് കാറ്റടിക്കുമ്പോൾ പ്ലാസ്റ്റിക് കവറുകളും മറ്റും പറന്ന് സമീപത്തെ റോഡിലേക്കും കാൽനടയാത്രക്കാർ പോകുന്ന വഴികളിലേക്കും വീഴുന്നത് പതിവായിരിക്കുകയാണെന്നും നാട്ടുകാർ പറയുന്നു.
മഴക്കാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഈ മാലിന്യക്കൂമ്പാരം വലിയൊരു ഭീഷണിയായി മാറിയിരിക്കുകയാണ്. പ്ലാസ്റ്റിക് അവശിഷ്ടങ്ങളിൽ വെള്ളം കെട്ടിക്കിടന്ന് കൊതുകുകൾ പെരുകാനുള്ള സാധ്യതയേറെയാണ്.

ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ പ്രദേശത്ത് പടർന്നുപിടിക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. മാലിന്യത്തിൽ നിന്നുള്ള ദുർഗന്ധം വായു മലിനീകരണത്തിനും കാരണമാകുന്നുണ്ട്.
അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഹരിതകർമസേന മാലിന്യശേഖരണത്തിന് മുൻകൈ എടുക്കുന്ന ഹരിതകർമസേനയിലെ സ്ത്രീകൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പോലും ഇവിടെ ഒരുക്കിയിട്ടില്ലെന്നത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.
MCF activities in Thuneri amid pandemic threat










































