വാണിമേൽ: (nadapuram.truevisionnews.com) 33-ാമത് എഡിഷൻ എസ്.എസ്.എഫ് വാണിമേൽ സെക്ടർ സാഹിത്യോത്സവ് മെയ് 23, 24 തീയതികളിൽ ഇന്ദിര നഗറിലെ വാളൂക്കിൽ വെച്ച് പ്രൗഢമായി നടക്കും.
സെക്ടറിന്റെ പരിധിയിലുള്ള ഒൻപത് യൂണിറ്റുകളിൽ നടന്ന പ്രാഥമിക മത്സരങ്ങളിൽ വിജയികളായ നൂറോളം കലാപ്രതിഭകളാണ് ഈ രണ്ടു ദിവസങ്ങളിലായി നടക്കുന്ന വിവിധ മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്.
മെയ് 23 ശനിയാഴ്ച വൈകുന്നേരം മൂന്ന് മണി മുതൽ രചനാ മത്സരങ്ങളോടെയാണ് കലാമാമാങ്കത്തിന് തുടക്കമാകുന്നത്. തുടർന്ന് മെയ് 24-ന് ഹിദായത്തുൽ ഇസ്ലാം മദ്രസ പരിസരത്ത് സജ്ജമാക്കിയ പ്രത്യേക വേദികളിൽ വെച്ച് സ്റ്റേജ് മത്സരങ്ങൾ അരങ്ങേറും.
സെക്ടർ സാഹിത്യോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം എസ്.എസ്.എഫ് കോഴിക്കോട് നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ഉമറലി നിർവ്വഹിക്കും.
മത്സരങ്ങൾക്ക് ശേഷം മെയ് 24 ഞായറാഴ്ച വൈകുന്നേരം ആറ് മണിക്ക് നടക്കുന്ന പ്രൗഢമായ സമാപന സംഗമത്തിൽ വിവിധ സാമുദായിക, രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ നേതാക്കൾ സംബന്ധിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
content highlights SSF Vanimel Sector Literary Festival












































