#Latest News #Vadakara #Road Accident #Accident News #Vadakara Police
വടകര: ( https://vatakara.truevisionnews.com/ ) പുഞ്ചിരിമിൽ ജംഗ്ഷന് സമീപം അശ്രദ്ധമായി കാറോടിച്ച് ഓട്ടോറിക്ഷയിലും ബസ്സിലും ഇടിച്ച് അഞ്ച് പേർക്ക് പരിക്കേൽക്കാനിടയാക്കിയ സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ വടകര പൊലീസ് കേസെടുത്തു. അപകടത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർ വടകര സ്വദേശി രഘുനാഥ് (63), ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരി എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. മറ്റ് മൂന്ന് യാത്രക്കാർക്ക് നിസ്സാര പരിക്കുകളുണ്ട്.
കഴിഞ്ഞ 19ന് വൈകുന്നേരം 5.15 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരനായ രഘുനാഥ് ഓടിച്ചിരുന്ന ഓട്ടോറിക്ഷ മുക്കാളി ഭാഗത്ത് നിന്നും യാത്രക്കാരുമായി വടകര ഭാഗത്തേക്ക് പോവുകയായിരുന്നു. പുഞ്ചിരിമിൽ ഭാഗത്ത് എത്തിയപ്പോൾ ഇതേ ദിശയിൽ പുറകിൽ നിന്നും അശ്രദ്ധമായി ഓടിച്ചു വന്ന കാർ ഓട്ടോറിക്ഷയുടെ പുറകിൽ ഇടിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ എതിർദിശയിൽ (വടകര ഭാഗത്ത് നിന്നും കൈനാട്ടി ഭാഗത്തേക്ക്) വരികയായിരുന്ന സ്വകാര്യ ബസ്സിന് മുന്നിലേക്ക് തെറിച്ചുവീഴുകയും ബസ് ഓട്ടോയിലിടിക്കുകയായിരുന്നുവെന്നാണ് പരാതിക്കാരന്റെ മൊഴി. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഓട്ടോ ഡ്രൈവർ രഘുനാഥിന്റെ പരാതിയിൽ കാർ ഓടിച്ചയാൾക്കെതിരെ വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Content Highlight: Content Highlights:- Five people injured in Vadakara car, auto and bus collision, case filed against car driver
#Latest News #Vadakara #Road Accident #Accident News #Vadakara Police
































