#Latest News #Nadapuram #SDPI Protest #Road Maintenance Work #Puthenpally Kalluvalappil Road
നാദാപുരം: (nadapuram.truevisionnews.com) നിർമ്മാണം പൂർത്തിയായി മാസങ്ങൾക്കുള്ളിൽ തകർന്ന പുത്തൻപള്ളി കല്ലുവളപ്പിൽ (പൂച്ചാക്കുൽ) റോഡ് അധികൃതർ അറ്റകുറ്റപ്പണി നടത്തി. നിർമ്മാണത്തിലെ അഴിമതിയും ഗുണനിലവാരമില്ലായ്മയും ചൂണ്ടിക്കാട്ടി എസ്.ഡി.പി.ഐ നാദാപുരം ബ്രാഞ്ച് കമ്മിറ്റി നടത്തിയ ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് അടിയന്തര ഇടപെടൽ.
ഇത് തങ്ങളുടെ ജനകീയ സമരത്തിന്റെ വിജയമാണെന്ന് എസ്.ഡി.പി.ഐ നേതാക്കൾ അവകാശപ്പെട്ടു. വെറും മൂന്ന് മാസം മുൻപ് പൊതുജനങ്ങൾക്ക് തുറന്നുകൊടുത്ത റോഡിലെ ഇന്റർലോക്ക് കട്ടകൾ ഇതിനകം തന്നെ ഇളകിമാറിയ നിലയിലായിരുന്നു.
പൊതുഖജനാവിലെ പണം ധൂർത്തടിച്ച് നടത്തിയ നിർമ്മാണം അഴിമതിയുടെ തെളിവാണെന്ന് എസ്.ഡി.പി.ഐ നാദാപുരം ബ്രാഞ്ച് പ്രസിഡന്റ് ഹബീബ് തങ്ങൾ നേരത്തെ ആരോപിച്ചിരുന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും പാർട്ടി ആവശ്യപ്പെട്ടിരുന്നു.
തുടർന്ന് ജനരോഷം ശക്തമായതോടെയാണ് അധികൃതർ നടപടിയെടുക്കാൻ നിർബന്ധിതമായത്. ഇളകിപ്പോയ കട്ടകൾ പൂർണ്ണമായും നീക്കം ചെയ്ത് പുതിയവ പാകി റോഡ് ഗതാഗതയോഗ്യമാക്കുകയായിരുന്നു. പൊതുപ്രശ്നങ്ങളിൽ പാർട്ടി തുടർന്നും ശക്തമായി ഇടപെടുമെന്ന് ബ്രാഞ്ച് കമ്മിറ്റി അറിയിച്ചു.
Content Highlight: Repair work was carried out on the damaged Puthanpally-Kalluvalappil road
#Latest News #Nadapuram #SDPI Protest #Road Maintenance Work #Puthenpally Kalluvalappil Road














































