#Crescent School Golden Jubilee #Vanimel #Boycott #Politics
നാദാപുരം: (nadapuram.truevisionnews.com) വാണിമേൽ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗോൾഡൻ ജൂബിലി ആഘോഷ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി പ്രദീപ്കുമാറും ഇടതുപക്ഷ പ്രതിനിധികളും ബഹിഷ്‌കരിച്ചു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ എൻ കെ മുർഷിനയെ സ്‌കൂൾ മാനേജ്മെൻ്റ് അവഹേളിച്ചതിൽ പ്രതിഷേധം അറിയിച്ചാണ് പരിപാടിയിൽ നിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവർ വിട്ട് നിന്നത്.
ക്രസന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ എൻ കെ മുർഷിനയെ സ്‌കൂൾ അധികൃതർ ക്ഷണിച്ചിരുന്നു. എന്നാൽ മുസ്‌ലിം ലീഗ് നേതൃത്വത്തിലെ ഒരു വിഭാഗം ഇതിൽ പ്രതിഷേധം അറിയിക്കുകയും മാനേജ്മെൻ്റിലെ ചിലർ പങ്കെടുപ്പിക്കുന്നത് വിലക്കുകയായിരുന്നു എന്നാണ് വിവരം.
ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മുർഷിന മുസ്ലിം ലീഗ് ശക്തികേന്ദ്രത്തിൽ നിന്ന് പാർട്ടിക്കെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചതാണ് ഈ അവഹേളനത്തിന് പിന്നിലെന്നതാണ് സിപിഐഎം നേതാക്കൾ പറയുന്നത്. മുസ്ലിലീഗ് ദേശീയ ജനറൽ സെക്രട്ടറി സി കെ സുബൈർ പ്രസിഡണ്ടായ സ്‌കൂൾ മാനേജിംഗ് കമ്മിറ്റിയുടെ സങ്കുചിത നിലപാടിൽ പരക്കെ അമർഷമുണ്ട്.

ഡോ. അബ്ദുസ്സമദ് സമദാനി എംപിയാണ് ഇന്ന് വൈകിട്ട് വാണിമേൽ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗോൾഡൻ ജൂബിലി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തത്. കെഎം അഭിജിത്ത് എംഎൽഎ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ നവാസ് ഉൾപ്പെടെ ഉള്ളവർ പങ്കെടുത്തു.
Content Highlight: Vanimel Crescent School Golden Jubilee Boycotted By Panchayat President












































