Dec 3, 2022 01:38 PM

നാദാപുരം: സംസ്ഥാന പാതയോരത്ത് പേരോട് വർഷങ്ങളായി ഭൂമിയിൽ വിശ്രമിച്ചിരുന്ന ഇലക്ട്രിക് പോസ്റ്റുകളെ ഇവിടെ നിന്ന് മാറ്റി. ഇക്കഴിഞ്ഞ ഒക്ടോബർ 21നാണ്, ''22 വർഷമായി ഞങ്ങൾ ഇവിടെ വിശ്രമിക്കുകയാണ് " എന്ന വാർത്ത ട്രൂ വിഷൻ നൽകിയത്. ഈ വാർത്ത ഉന്നത കെഎസ്ഇബി അധികാരികളുടെ ശ്രദ്ധയിൽ പെട്ടതോടെയാണ് വൈദ്യുതി പോസ്റ്റിനെ കുറിച്ച് അന്വേഷണം നടത്തുകയും പോസ്റ്റ് എടുത്തുകൊണ്ടു പോവാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തത്.

തൂണേരി കെഎസ്ഇബി ഓഫീസിന് കീഴിലാണ് പേരോട് ടൗണിലുള്ള ഈ സ്ഥലം. കോറോത്ത് ഹമീദ് എന്നയാളുടെ വീടിന്റെ മുൻവശമാണ് വർഷങ്ങൾക്ക് മുമ്പ് പാതയോരത്ത് സൗകര്യപൂർവ്വം വെച്ചിട്ട് പോയത്. 20ലധികം പോസ്റ്റുകൾ ഉണ്ടെന്നാണ് കണക്ക്. പിന്നീട് മാസങ്ങളോ, വർഷങ്ങളോ കഴിഞ്ഞിട്ടുപോലും ഈ പോസ്റ്റുകളെ കുറിച്ച് അന്വേഷണം നടത്തുവാനോ എടുത്തുകൊണ്ടു പോകുവാനോ തയ്യാറായില്ല.

തൽഫലമായി ഉപേക്ഷിക്കപ്പെട്ട പാഴ് വസ്തുക്കളെപ്പോലെ ഭൂമിയിൽ കിടക്കേണ്ട അവസ്ഥയായി. നവംബർ 30ാം തീയ്യതിയാണ് തൂണേരി കെഎസ്ഇബിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ വന്ന് പോസ്റ്റ് എടുത്തുകൊണ്ടുപോകാനുള്ള ശ്രമം നടത്തിയത്. പക്ഷേ പ്രതീക്ഷിച്ചത് പോലെ തന്നെ സംഭവിച്ചു. കാലപ്പഴക്കം കാരണം കമ്പികളും, പോസ്റ്റിന്റെ അവശിഷ്ടങ്ങളുമാണ് കിട്ടിയത്.

അതവർ പിക്കപ്പ് വാഹനത്തിൽ കയറ്റി കൊണ്ടുപോവുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം പൊതുജനങ്ങളുടെ നികുതിപ്പണമാണ് നഷ്ടപ്പെട്ടത്. വർഷങ്ങൾക്ക് മുമ്പ് തന്നെ ഇത്തരത്തിലുള്ള നടപടികൾ സ്വീകരിച്ചിരുന്നുവെങ്കിൽ പല പഴയ പോസ്റ്റുകളും മാറ്റി പുതിയ വൈദ്യുതി പോസ്റ്റ് സ്ഥാപിക്കാമായിരുന്നു.

കെഎസ്ഇബിയുടെ പല സെക്ഷൻ ഓഫീസിന്റെ കീഴിലും കടുത്ത പോസ്റ്റ് ക്ഷാമം നേരിടുന്നുണ്ട്. കാലപ്പഴക്കം ചെന്ന പല പോസ്റ്റുകളും കടുത്ത അപകട ഭീഷണിയും നേരിടുന്നുണ്ട്. അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയാൽ പോസ്റ്റ് സ്റ്റോക്കില്ല എന്നതാണ് മറുപടി. ഏതായാലും വൈകി ഉദിച്ച വിവേകത്തിന് നന്ദി പറയുകയാണ് പ്രദേശവാസികളും നാട്ടുകാരും.

TruVision News Impact: The electric posts resting on the ground along the road were replaced

Next TV

Top Stories