നാദാപുരം : (nadapuram.truevisionnews.com) പട്ടാപകൽ ആളുകൾക്കിടയിൽ അക്രമത്തിന് ഇരയായിട്ടും പൊലീസ് കേസെടുക്കുന്നില്ല, ഇനി ആര് കനിയണം ഏമാനെ എന്ന പഴയ ചോദ്യം ഓർക്കുകയാണ് ഇവിടെ ഒരു സർക്കാർ സേവകൻ.
കൃത്യനിർവ്വഹണം തടസപ്പെടുത്തി ആശുപത്രി ജീവനക്കാരനെ അക്രമിച്ച് പരിക്കേൽപ്പിച്ചതായി സർക്കാർ ആശുപത്രി മെഡിക്കൽ ഓഫീസർ പൊലീസിൽ പരാതി നൽകിയിട്ട് ഇന്നേക്ക് രണ്ടാഴ്ച്ച പിന്നിട്ടു. തെളിവുകൾ ഉണ്ടായിട്ടും അജ്ഞാതരായ ആരുടെയോ വിലക്ക് കാരണം കേസെടുക്കാൻ മടിച്ച് വളയം പൊലീസ്.




അക്രമം നടന്ന ആശുപത്രി വളപ്പിലെ സിസിടിവി ദൃശ്യത്തിൽ വ്യക്തമായ തെളിവുകൾ. പരാതി നൽകി രണ്ടാഴ്ച്ച കഴിഞ്ഞിട്ടും ആശുപത്രിയിൽ എത്തി തെളിവ് ശേഖരിക്കാനോ മൊഴി രേഖപ്പെടുത്താനൊ പൊലീസ് തയ്യാറായിട്ടില്ലെന്നും ആക്ഷേപം. ഒടുവിൽ അക്രമം ദൃശ്യം ട്രൂവിഷൻ ന്യൂസ് പുറത്ത് വിടുന്നു. കഴിഞ്ഞ 15 ദിവസത്തിനിടെ 35 ഓളം എഫ്ഐആർ രജിസ്റ്റർ ചെയ്ത വളയം പൊലീസ് വ്യക്തമായ തെളിവുണ്ടായിട്ടും കേസെടുക്കാൻ മടിക്കുന്നത് ആരെ ഭയന്നിട്ടെന്ന് പറയേണ്ടിയിരിക്കുന്നു.
തൂണേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വളയത്ത് പ്രവർത്തിക്കുന്ന സർക്കാർ കുടുബാരോഗ്യ കേന്ദ്രത്തിലെ സുരക്ഷ ജീവനക്കാരനായ തിരുവങ്ങോത്ത് കണാര (59)നാണ് അക്രമത്തിനിരയായത്. ഇക്കഴിഞ്ഞ 9 ന് രാവിലെ ഒമ്പതരയോടെയാണ് സംഭവം. ആശുപത്രി വളപ്പിൽ ഗതാത തടസം ഉണ്ടാക്കുന്ന തരത്തിൽ നിർത്തിയിട്ട കാർ പുറത്തേക്ക് മറ്റി നിർത്താൻ ആവശ്യപ്പെട്ടതിൽ പ്രകോപിതനായ യുവാവാണ് സുരക്ഷ ജീവനക്കാന് നേരെ തിരിഞ്ഞത്.

യുവാവിൻ്റെ അക്രമത്തിൽ സുരക്ഷ ജീവനക്കാരനായ കണാരൻ താഴെക്ക് തെറിച്ച് വീഴുന്നതും പരിക്ക് പറ്റിയതും ആശുപത്രി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. അക്രമാ ശക്തനായ യുവാവ് അളുകൾക്കിടയിൽ നിന്ന് നിരവധി തവണ ആശുപത്രി സുരക്ഷ ജീവനക്കാരന് നേരെ പാഞ്ഞ് അടുക്കുന്നതും ഒപ്പം ഉള്ളവർ പല പ്രാവശ്യം പിടിച്ച് വെച്ച് തടയുന്നതും ദൃശ്യത്തിൽ വ്യക്തമായി കാണാം.
കൈക്കും കാലിനും മുറിവേറ്റ സുരക്ഷ ജീവനക്കാരന് ആശുപത്രിയിൽ ചികിത്സ നൽകിയ രേഖ സഹിതം പരാതി അന്നു തന്നെ മെഡിക്കൽ ഓഫീസർ വളയം പൊലീസിന് കൈമാറിയിരുന്നു. തുടക്കത്തിൽ തന്നെ പൊലീസ് അലംഭാവം കാട്ടിയെന്ന വിമർശനം ഉണ്ട്. ഇക്കഴിഞ്ഞ 10 ന് ആശുപത്രി ജീവനക്കാരും ഡോക്ടർമാരും ഒപി നിർത്തി വെച്ച് പ്രതിഷേധയോഗം ചേർന്നിരുന്നു.

ആശുപത്രിയിൽ അക്രമം ആവർത്തിക്കുന്നതായും ശക്തമായ നിയമ നടപടി ഉണ്ടായാൽ മാത്രമേ ഭയം കൂടാതെ സേവനം നടത്താൻ കഴിയുകയുള്ളൂവെന്ന് ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ വ്യക്തമായ നിലപാട് സ്വീകരിച്ചിരുന്നു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി വനജയുടെ സാന്നിധ്യത്തിൽ ചേർന്ന ആശുപത്രി മാനേജ്മെൻ്റ് കമ്മറ്റി യോഗവും അക്രമത്തെ അപലപിച്ചിരുന്നു.
ആശുപത്രി ജീവനക്കാർക്ക് നേരെയുള്ള അക്രമങ്ങൾ തടയാൻ സർക്കാർ ശക്തമായ നിയ നിർമ്മാണം നടത്തിയിട്ടുണ്ട്. സുരക്ഷാ ജീവനക്കാരന് നേരെ നടന്നത് ജാമ്യമില്ലാ കുറ്റമായിട്ടു പോലും പൊലീസിൻ്റെ നിലപാട് ദുരൂഹമായി തുടരുകയാണ്. കഴിഞ്ഞ ദിവസം നടന്ന ആശുപത്രി സ്റ്റാഫ് കൗസിൽ യോഗത്തിലും പ്രതിഷേധം ഉയർന്നു. സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകാനാണ് ജീവനക്കാരുടെ തീരുമാനം.
Police fail to file case against government hospital employee in Valayam despite clear evidence







































