വാണിമേൽ: [nadapuram.truevisionnews.com] വയൽപീടിക പാലം പുതുക്കിപ്പണിയുമെന്ന ഉറപ്പ് പാലിക്കപ്പെടാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ അറ്റകുറ്റപ്പണിക്കെത്തിയ തൊഴിലാളികളെ തിരിച്ചയച്ചു. കല്ലാച്ചി - വിലങ്ങാട് റോഡിലെ ഈ പാലം ദ്രവിച്ച് അതീവ അപകടാവസ്ഥയിലായിട്ട് ഒരു വർഷത്തിലേറെയായി.
പത്ത് മാസം മുമ്പ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെത്തി മണ്ണ് പരിശോധന നടത്തുകയും പുതിയ പാലത്തിന് ഫണ്ട് ലഭ്യമായെന്ന് അറിയിക്കുകയും ചെയ്തിരുന്നു. പുതിയ പാലം വരുമെന്ന പ്രതീക്ഷയിലിരിക്കെയാണ് അറ്റകുറ്റപ്പണിക്ക് മാത്രമാണ് ഫണ്ട് അനുവദിച്ചതെന്ന വിശദീകരണവുമായി ഉദ്യോഗസ്ഥരും തൊഴിലാളികളും സ്ഥലത്തെത്തിയത്.
എന്നാൽ കേവലം അറ്റകുറ്റപ്പണി കൊണ്ട് പ്രയോജനമില്ലെന്നും പാലം പൂർണ്ണമായും പുനർനിർമ്മിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. മുൻ പഞ്ചായത്ത് മെമ്പർ പറമ്പത്ത് റസാക്ക്, സി.പി.സി ആലിക്കുട്ടി, വി.കെ ജാഫർ എന്നിവരുടെ നേതൃത്വത്തിലാണ് നാട്ടുകാർ പ്രതിഷേധിച്ചത്.
വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കാനായി സർവ്വകക്ഷിയോഗം ചേരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രദീപൻ അറിയിച്ചു.
Locals block maintenance of Vayalpeeedika bridge









































