നാദാപുരം :(nadapuram.truevisionnews.com)ക്ലാസിക്കൽ അറബി ഭാഷയിൽ അനവധി വൈജ്ഞാനിക ഗ്രന്ഥങ്ങൾ സമർപ്പിച്ചു കൊണ്ട് വിസ്മയമാവുകയാണ് നാദാപുരം മുദരിസ് ശൈഖുനാ കെ. കെ. കുഞ്ഞാലി മുസ്ല്യാർ.
ഇസ്‌ലാമിക വൈജ്ഞാനിക രചനകളുടെ സുവർണ്ണ കാലഘട്ടങ്ങളിൽ ഉണ്ടായ രചനകളെ അനുസ്മരിപ്പിക്കും വിധം അനവധി മൗലിക, വ്യാഖ്യാന ഗ്രന്ഥങ്ങൾ ഇതിനകം പുറത്തിറക്കിയ അദ്ദേഹത്തിൻ്റെ ഏറ്റവും പുതിയതും ശ്രദ്ധേയവുമായ ഫൈളുൽ മതീൻ എന്ന ഗ്രന്ഥം പ്രകാശനം ചെയ്‌തിരിക്കുകയാണ്.
കൈരളി ലോകത്തിനു സമർപ്പിച്ച എന്നെത്തെയും ഏറ്റവും വലിയ സംഭാവനയായി വിലയിരുത്തപ്പെടുന്ന സൈനുദ്ധീൻ മഖ്ദൂം രണ്ടാമൻ്റെ ഫത്ഹുൽ മുഈൻ എന്ന കർമ്മശാസ്ത്ര ഗ്രന്ഥത്തിൻ്റെ വിശദീകരണമായാണ് ഇത് രചിച്ചിരിക്കുന്നത്.
പൊന്നാനി ഉലമാക്കളിൽ നിന്നും പരമ്പരാഗതമായി ലഭ്യമായ വിജ്ഞാനങ്ങൾ പല പണ്ഡിതരും അവിടെയും ഇവിടെയുമായി കുറിച്ചു വെച്ചതും വാമൊഴിയായി കൈമാറിയതുമെല്ലാം ശേഖരിച്ചു സൂക്ഷിക്കുകയെന്ന ചരിത്ര ദൗത്യം കൂടിയാണ് ഈ രചനയിലൂടെ അദ്ദേഹം നിർവ്വഹിച്ചിരിക്കുന്നത്.
നാദാപുരം കേന്ദ്രീകരിച്ചു വിജ്ഞാന പ്രസരണം നടത്തിയ അഹ്മദ് ശീറാസി, തറക്കണ്ടി ഓർ, കീഴന ഓർ തുടങ്ങിയ മഹാ മനീഷികളുടെ അമൂല്യ നിരീക്ഷണങ്ങളും വിവരണങ്ങളും കൊണ്ട് സമ്പന്നമാണ് ഈ ഗ്രന്ഥം.
മുദർരിസുമാർക്കും മുഫ്തിമാർക്കും ഏറെ ഉപകാരപ്രദമായ കിതാബാണിത്.നാലു ഭാഗങ്ങളിലായി രചിക്കപ്പെട്ട ഫത്ഹുൽ മുഈനിൻ്റെ ഒന്നാമത്തെ ഭാഗമായ ഇബാദാത്തിലെ ഹജ്ജടക്കമുള്ള ഭാഗമാണ് ഇതിൽ വ്യാഖ്യാനം നൽകപ്പെട്ടിരിക്കുന്നത്.
രണ്ടു വാല്യങ്ങളിലായി 800 ലേറെ പേജുകളുള്ള ഈ ഗ്രന്ഥം കോഴിക്കോട് ബാഫഖി യൂത്ത് സെൻ്ററിലെ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ വെച്ച് പ്രകാശനം ചെയ്യപ്പെട്ടിരിക്കുകയാണ്.
പ്രമുഖ സാദാത്തുകളുടെയും പണ്ഡിതരുടേയും സാന്നിദ്ധ്യത്തിൽ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളാണ് പ്രകാശനം നിർവ്വഹിച്ചത്. അനുബന്ധമായി നടന്ന ഫത്ഹുൽ മുഈൻ സെമിനാർ ഹുജ്ജത്തുൽ ഉലമാ നജീബ് മൗലവി ഉദ്ഘാടനം ചെയ്തു.
അമൂല്യമായ പല രചനകൾ ശൈഖുനാ നിർവഹിച്ചിട്ടുണ്ട്. ഫത്ഹുൽ മുഈനിൽ പരാമർശിക്കപ്പെട്ട ഇമാമുമാരുടെ ജീവചരിത്രക്കുറിപ്പുകളടങ്ങിയ അൽ മുഹിമ്മ ഫീ ബയാനിൽ അഇമ്മ ആയിരുന്നു അറബി ഭാഷയിലെ ആദ്യഗ്രന്ഥം.ബദ് രീങ്ങളുടെ ചരിത്രം കൃത്യമായി പ്രതിപാദിക്കുന്ന ളിയാഉൽ ഖമർ മറ്റൊരു രചനയാണ്.
അൽഫിയ്യ എന്ന സുപ്രസിദ്ധ അറബി വ്യാകരണ ശാസ്ത്ര ഗ്രന്ഥത്തിനു സുന്ദരമായൊരു വ്യഖ്യാനവും ഉസ്താദ് രചിച്ചിട്ടുണ്ട്. ഗുരുവര്യന്മാരുടെ വാമൊഴിയിൽ നിന്നും കുറിപ്പുകളിൽ നിന്നും സ്വരൂപിച്ച അമൂല്യവിവരണങ്ങളാണ് ഇതിലെ പ്രധാന ആഘർഷണീയത.നൂറുസ്സാലിക് എന്നാണിതിൻ്റെ നാമം.
കീഴന ഓറുടെ അറബി കവിതകളുടെ മലയാള പരിഭാഷയും വ്യാഖ്യാനവും മറ്റൊരു പ്രധാന ഗ്രന്ഥമാണ്.സങ്കീർണ്ണമായ പല വിഷയങ്ങളും ആധികാരികമായി അപഗ്രഥനം ചെയ്യുന്ന ദുർഗ്രാഹ്യമായ കവിതകളെ ലളിതമായ ഭാഷയിൽ വിവരിച്ചെഴുതിയിട്ടുണ്ടിതിൽ.മലയാളത്തിൽ വേറെയും നിരവധി വിജ്ജാന ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.ഇമാം നവവിയുടെ നാൽപത് ഹദീസുകൾക്ക് വ്യാഖ്യാനം, ത്വരീഖത്ത് എന്ത്? എന്തല്ല?, സ്ത്രീ പള്ളി പ്രവേശം എന്നിവ അവയിൽ ചിലതാണ്.
ചേലക്കാട് കോട്ടയിൽ മുഹമ്മദ് മുസ്ല്യാർ(ചെക്കൻ മുസ്ല്യാർ ) രുടെയും ഫാത്തിമ ബീവിയുടെയും മകനായി 1958 ലാണ് കുഞ്ഞാലി മുസ്ലാർ ജനിച്ചത്. സ്വദേശത്തെ പ്രാഥമിക മദ്റസാ - സ്കൂൾ പഠന ശേഷം ദർസ് പഠനത്തിലേക്കു തിരിഞ്ഞ അദ്ദേഹത്തിൻ്റെ പ്രഥാന ഗുരു ശംസുൽ ഉലമാ കിഴന ഓർ എന്നറിയപ്പെട്ട കീഴന കുഞ്ഞബ്ദുല്ല മുസ്ല്യാരാണ്. പഠനത്തിൽ ഏറെ മികവു പുലർത്തിയ അദ്ദേഹം പഠനകാലത്തുതന്നെ നാദാപുരം പള്ളിയിൽ സഹ മുദരിസായിരുന്നു. ശേഷം കണ്ണൂർ ജില്ലയിലെ മാട്ടൂൽ തെക്കുമ്പാട്ട് പള്ളിയിൽ മുദരിസായി നിയമിക്കപ്പെട്ടു. കീഴന ഓറുടെ നേതൃത്വത്തിൽ നാദാപുരം ചാലപ്പുറത്ത് ജാമിഅ:ഫലാഹിയ്യ: സ്ഥാപിതമാപ്പോൾ അവിടെ സ്വദർ മുദരിസായി നിയമിതനായി. അൻപത് വർഷക്കാലം നാദാപുരം വലിയ ജുമുഅത്ത് പള്ളി മുദരിസായിരുന്ന കീഴന ഓറുടെ വഫാത്തിനെ തുടർന്ന് ആ പദവിയിൽ തൻ്റെ ഇഷ്ടശിഷ്യനായ കുഞ്ഞാലി മുസ്ല്യാർ നിയമിതനാകുകയായിരുന്നു. ആഖിർ സൈനുദ്ധീൻ മഖ്ദൂം, മേനക്കോത്ത് ഓർ, അറക്ക ഫരീദ് മുസ്ല്യാർ, അഹ്‌മദ് ശീറാസി,
ഉസ്താദുൽ അസാതീദ് ശംസുൽ ഉലമാ ഖുതുബി മുഹമ്മദ് മുസ്ല്യാർ, തറക്കണ്ടി ഓർ എന്നറിയപ്പെടുന്ന ആയഞ്ചേരി അബ്ദുറഹ്മാൻ മുസ്ല്യാർ ,ജാതിയേരി ക്കാരൻ അമ്മത് മുസ്ല്യാർ, മേപ്പിലാച്ചേരി മൊയ്തീൻ മുസ്ല്യാർ തുടങ്ങിയ പ്രഗത്ഭ പണ്ഡിതരുടെ അധ്യാപനവും സാന്നിധ്യവും കൊണ്ട് കേരളത്തിലെ രണ്ടാം പൊന്നാനി എന്ന അപരനാമം ലഭിച്ച നാദാപുരത്തിൻ്റെ വൈജ്ഞാനിക ഭൂമികയെ പ്രശോഭിതമാക്കിയ കീഴന ഓറുടെ പിൻഗാമിയായി നാദാപുരം മുദരിസ് പദവിയിലെത്തിയ കുഞ്ഞാലി മുസ്ല്യാർ ആ മഹത്തായ പൈതൃകത്തിൻ്റെ തുടർച്ച തൻ്റെ ദർസിലൂടെയും രചനകളിലൂടെയും നിർവ്വഹിച്ചു കൊണ്ടിരിക്കുന്നു. ചന്ദ്രിക പത്രത്തെ അതിരറ്റ് സ്നേഹിക്കുന്ന അദ്ദേഹത്തിൻ്റെ ജീവിത ചര്യയുടെ ഭാഗമാണ് ചന്ദ്രികാ പത്രപാരായണം. കേരള സംസ്ഥാന ജം ഇയ്യത്തുൽ ഉലമാ വൈസ് പ്രസിഡണ്ടു കൂടിയായ അദ്ദേഹം അനേകം പ്രതിഭാശാലികളായ പണ്ഡിതരെ ഇതിനകം വാർത്തെടുത്തിട്ടുണ്ട്.
Sheikhuna K. K. K. Kunjali Muslyar is a wonder in Arabic literature.










































