നാദാപുരം: [nadapuram.truevisionnews.com] കേരളത്തിന്റെ സമ്പത്തും ആത്മീയതയും കൊള്ളയടിക്കുന്നവർക്കെതിരെ യുവാക്കൾ കർമ്മരംഗത്തിറങ്ങണമെന്ന് എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് ആഹ്വാനം ചെയ്തു.
പുളിയാവ് നാഷണൽ കോളേജിൽ നടന്ന മുസ്ലിം യൂത്ത് ലീഗ് നാദാപുരം നിയോജക മണ്ഡലം പ്രതിനിധി സമ്മേളനം 'അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്' എന്ന പ്രമേയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോള അയ്യപ്പ സംഗമത്തിന്റെ ഓഡിറ്റ് റിപ്പോർട്ടിലെ ക്രമക്കേടുകൾ കേരളത്തെ ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ അജണ്ടയ്ക്കൊപ്പം സാമ്പത്തിക ലാഭവും ലക്ഷ്യമിട്ടാണ് ഇത്തരം പരിപാടികൾ സംഘടിപ്പിച്ചതെന്ന് ഹൈക്കോടതി നിയോഗിച്ച സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിലൂടെ വ്യക്തമായിരിക്കുകയാണ്.
ഊരാളുങ്കലിന്റെ സഹസ്ഥാപനത്തിന് ഉയർന്ന തുകയ്ക്ക് കരാർ നൽകിയത് ദൂർത്താണെന്നും, കടക്കെണിയിലായ സംസ്ഥാനത്തെ വീണ്ടും പ്രതിസന്ധിയിലാക്കുകയാണ് ഭരണകൂടമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ വീഴ്ചകളെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ഹർഷിനയുടെ വയറ്റിൽ കത്രിക മറന്നുവെച്ച ചികിത്സാ പിഴവും സർവ്വകലാശാലകളിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയും കേരളത്തിന് അപമാനമാണ്.
യു.ഡി.എഫ്. അധികാരത്തിൽ വന്നാൽ വിദ്യാർത്ഥികളുടെ വിദേശ കുടിയേറ്റം തടയാൻ പദ്ധതികൾ ആവിഷ്കരിക്കുമെന്നും യുവാക്കൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്ന പ്രതിപക്ഷ നേതാവിന്റെ ഉറപ്പ് വലിയ പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യൂത്ത് ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി അഡ്വ. ഷിബു മീരാൻ മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് കെ.എം. ഹംസ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ഇ. ഹാരിസ് സ്വാഗതം പറഞ്ഞു. അഹമ്മദ് പുന്നക്കൽ, കെ.കെ. നവാസ്, മുഹമ്മദ് ബംഗ്ലത്ത്, എം.പി. ജാഫർ തുടങ്ങി പ്രമുഖ നേതാക്കൾ പങ്കെടുത്തു.
Youth must come forward to reclaim Kerala




































