നാദാപുരം: [nadapuram.truevisionnews.com] നാദാപുരം നിയമ സഭ സീറ്റിൽ ലീഗ് മത്സരിക്കണമെന്ന് യൂത്ത് ലീഗ്. പുളിയാവ് നാഷണൽ കോളേജിൽ ചേർന്ന യൂത്ത് ലീഗ് പ്രതിനിധി സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റവും വോട്ട് വിഹിതത്തിലെ വർദ്ധനവും ചൂണ്ടിക്കാട്ടിയാണ് മണ്ഡലം ലീഗ് ഏറ്റെടുക്കണമെന്ന വാദം ഉയരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ 63 ലീഗ് സ്ഥാനാർത്ഥികൾ വിജയിച്ചതും മുൻപത്തെക്കാൾ ഒൻപത് സീറ്റുകൾ അധികം നേടാനായതും പാർട്ടിയുടെ കരുത്ത് തെളിയിക്കുന്നതാണെന്ന് യൂത്ത് ലീഗ് വിലയിരുത്തുന്നു.
കായക്കൊടി ഗ്രാമപഞ്ചായത്ത് ഭരണം പിടിച്ചതും കാവിലുംപാറയിലെ വൻ മുന്നേറ്റവും ഇതിന് അടിവരയിടുന്നു. നിലവിൽ മൂന്ന് പഞ്ചായത്തുകളിൽ ലീഗ് പ്രതിനിധികളാണ് പ്രസിഡന്റുമാരായിട്ടുള്ളത്.
വാണിമേൽ പഞ്ചായത്തിലും തൂണേരി ബ്ലോക്കിലും വളരെ ചെറിയ വോട്ടുകൾക്കാണ് ഭരണം നഷ്ടമായതെന്നതും വോട്ട് വിഹിതം ലീഗിന് അനുകൂലമാണെന്നതിന്റെ തെളിവായി ഇവർ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന് ലഭിച്ച 25,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഗണ്യമായ പങ്ക് ലീഗ് കേന്ദ്രങ്ങളിൽ നിന്നാണെന്നും സമ്മേളനം വിലയിരുത്തി.
നാദാപുരം, ചെക്യാട്, തൂണേരി, വാണിമേൽ പഞ്ചായത്തുകളിലെ ലീഗ് സ്വാധീനം വോട്ടായി മാറ്റിയാൽ ഇടതുപക്ഷത്തിന്റെ മേധാവിത്വം മറികടന്ന് വിജയം സുരക്ഷിതമാക്കാൻ കഴിയുമെന്നാണ് യൂത്ത് ലീഗിന്റെ പ്രതീക്ഷ.
ഹമീദലി ഷംനാടിന് ശേഷം മണ്ഡലത്തിൽ ലീഗ് സ്ഥാനാർത്ഥി മത്സരിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ, നിലവിലെ രാഷ്ട്രീയ സാഹചര്യം അനുകൂലമാണെന്നും ഇവർ വ്യക്തമാക്കുന്നു. വിഷയം അവതരിപ്പിക്കുന്നതിനായി യൂത്ത് ലീഗ് നേതാക്കൾ ഉടൻ പാണക്കാട്ടെത്തി സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി, മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവരെ നേരിട്ട് കാണും.
വോട്ടർ പട്ടികയിലെ മാറ്റങ്ങളും പ്രവാസി-ന്യൂനപക്ഷ വോട്ടുകളിലെ വർദ്ധനവും മണ്ഡലം തിരിച്ചുപിടിക്കാൻ സഹായിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യൂത്ത് ലീഗ് നേതൃത്വം.
Youth League wants League to contest in Nadapuram assembly seat




































