എടച്ചേരി: (nadapuram.truevisionnews.com) പുതിയങ്ങാടി ടൗണിലെ എം.എം. ലോട്ടറി ഏജൻസിയിൽ നടന്ന കവർച്ച പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഏജൻസി ഉടമയും കച്ചേരി സ്വദേശിയുമായ വിജേഷ് കഴിഞ്ഞ ദിവസം രാത്രി ഏഴു മണിയോടെ കട പൂട്ടി പോയതായിരുന്നു.
എന്നാൽ പിറ്റേന്ന് രാവിലെ പത്തു മണിയോടെ കട തുറക്കാനെത്തിയപ്പോഴാണ് ഷട്ടറിന്റെ പൂട്ട് പൊളിച്ച നിലയിൽ കണ്ടെത്തിയത്. കടയ്ക്കകത്തെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന എണ്ണായിരം രൂപയും ഈ മാസം 14, 15 തീയതികളിൽ നറുക്കെടുക്കേണ്ടിയിരുന്ന അഞ്ഞൂറോളം ലോട്ടറി ടിക്കറ്റുകളും മോഷ്ടാക്കൾ അപഹരിച്ചു.
50 രൂപയുടെ 450 ടിക്കറ്റുകളും 250 രൂപയുടെ അഞ്ച് ടിക്കറ്റുകളുമാണ് നഷ്ടപ്പെട്ടത്. എടച്ചേരി എസ്.ഐ. സന്തോഷിന്റെ നേതൃത്വത്തിൽ പോലീസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി വിശദമായ പരിശോധനകൾ നടത്തി.
കഴിഞ്ഞ ഒരു മാസത്തിനിടെ എടച്ചേരിയിൽ നടക്കുന്ന മൂന്നാമത്തെ വലിയ മോഷണമാണിത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് മലഞ്ചരക്ക് വ്യാപാരിയുടെ കടയിൽ നിന്ന് രണ്ട് ചാക്ക് കുരുമുളക് മോഷ്ടിച്ചതും, ഇരിങ്ങണ്ണൂരിലെ വീട്ടിൽ നിന്ന് 11 പവനും പണവും കവർന്നതും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്.

തുടർച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ പ്രദേശത്ത് വലിയ രീതിയിലുള്ള ഭീതി പരത്തുന്നുണ്ട്.
Cash and tickets stolen from lottery shop in Edachery





































