വടകര: ( vatakara.truevisionnews.com ) വടകരയില്‍ ബിജെപിയില്‍ പൊട്ടിത്തെറി. കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണയ്‌ക്കെതിരെ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. 'പ്രസ്ഥാനത്തിലെ പാഷാണം, പ്രസ്ഥാനത്തെ രക്ഷിക്കൂ' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചത്. പ്രഫുല്‍ കൃഷ്ണയുടെ കോലം പ്രവര്‍ത്തകര്‍ കത്തിക്കുകയും ചെയ്തു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കോഴിക്കോട് ബിജെപിയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ ഒരു വിഭാഗം രംഗത്തെത്തുകയും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കെതിരെ മത്സരിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.
വടകരയില്‍ നിന്ന് ശ്യാംരാജ് കുരിയാടി, നാദാപുരത്ത് നിന്ന് കെ പത്മകുമാര്‍ എന്നിവര്‍ നേതൃത്വത്തിനെതിരെ മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ചിരുന്നു. ഇവര്‍ക്ക് പിന്തുണയുമായി ഒന്‍പതോളം ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.
സംഭവം വിവാദമായതോടെ ശ്യാംരാജിനെയും പത്മകുമാറിനെയും, പിന്തുണയുമായി എത്തിയ പ്രവര്‍ത്തകരെയും ബിജെപി നോര്‍ത്ത് ജില്ലാ കമ്മിറ്റി പുറത്താക്കി. ഇതോടെയാണ് പ്രവര്‍ത്തകര്‍ നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. തങ്ങളെ ഇല്ലാതാക്കാന്‍ നേതൃത്വം ശ്രമിക്കുന്നതായും പ്രവര്‍ത്തകര്‍ ആരോപിച്ചു. അഴിമതി ആരോപണം നേരിടുന്നവരാണ് ഇത്തവണ മത്സരിച്ചതെന്നും പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി.
Activists take to the streets against BJP district president Praful Krishna in Vadakara
































