എടച്ചേരി: (nadapuram.truevisionnews.com) കച്ചേരി പൊതുജന വായനശാലയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന 'സർഗ ഗ്രീഷ്മം' അക്കാദമിക് ക്ലബ് പ്രവർത്തനങ്ങൾക്ക് തുടക്കമായി.
എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഗോപാലൻ ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ടി.കെ. രഞ്ജിത്ത് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ, അവധിക്കാലം എങ്ങനെ സർഗാത്മകമായി ഉപയോഗപ്പെടുത്താം എന്ന വിഷയത്തിൽ എ.കെ. ഹരിദാസൻ കുട്ടികൾക്കായി ക്ലാസ് എടുത്തു.
വായനശാലാ ഭാരവാഹികളും ജനപ്രതിനിധികളും ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പാണ് ഇതിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.
കേവലം പഠനത്തിനപ്പുറം വിവിധ കളികളിലൂടെ കല, ശാസ്ത്രം, നാടൻ പാട്ട്, കഥ, കവിത തുടങ്ങിയവയിൽ കുട്ടികൾക്ക് പരിശീലനം നൽകും. ക്യാമ്പിന്റെ ഭാഗമായി പഠനയാത്രയും മുതിർന്നവർക്കായി പ്രത്യേക ഏകദിന ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്.

ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകരായ ഇ.എം. രാജീവ്, ഇ.കെ. പവിത്രൻ എന്നിവർ അറിയിച്ചു. ഇ.കെ. ഷിംഗ, ലിൻഷി മൊയിലോത്ത് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
Sarga Greeshmam Academic Club activities have begun












































