പുറമേരി: (nadapuram.truevisionnews.com) പരിസര ശുചിത്വത്തിൽ വലിയവർക്ക് മാതൃകയാവുകയാണ് പുറമേരി പഞ്ചായത്തിലെ കുനിങ്ങാട് പ്രദേശത്തെ ഒരു കൂട്ടം കൊച്ചു കുട്ടികൾ. 'കുട്ടിപ്പട്ടാളം' എന്ന പേരിൽ ഒത്തുചേർന്ന ഇവർ പ്രദേശത്ത് ചിതറിക്കിടന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ പൂർണ്ണമായും ശേഖരിച്ച് കുനിങ്ങാടിന്റെ പരിസരം വൃത്തിയാക്കി.
പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നത് മൂലമുള്ള ആരോഗ്യ-പരിസ്ഥിതി പ്രശ്നങ്ങൾ തിരിച്ചറിഞ്ഞാണ് ഈ കുരുന്നുകൾ ഇത്തരമൊരു ദൗത്യത്തിന് കൈകോർത്തത്. ശുചീകരണത്തിനൊപ്പം തന്നെ പ്ലാസ്റ്റിക് അലക്ഷ്യമായി വലിച്ചെറിയാതിരിക്കാൻ ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി വിവിധ ഇടങ്ങളിൽ ഇവർ പോസ്റ്ററുകളും സ്ഥാപിച്ചു.
'പ്ലാസ്റ്റിക് ഇവിടെ നിക്ഷേപിക്കുക' എന്ന സന്ദേശമെഴുതിയ ബോർഡുകൾ സ്ഥാപിച്ച കുട്ടികളുടെ നടപടി ഏറെ ശ്രദ്ധേയമായി. നൈനിക, പ്രയാഗ്, അൻവിൻ, അഗ്നിവേശ്, നിഹാൽ എന്നിവരാണ് ഈ കുട്ടിപ്പട്ടാളത്തിലെ അംഗങ്ങൾ.
ചെറുപ്പത്തിൽ തന്നെ സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിച്ച ഈ കുട്ടികളെ നാട്ടുകാർ അഭിനന്ദിച്ചു. പരിസര ശുചിത്വത്തെക്കുറിച്ച് പൊതുജനങ്ങളിൽ ജാഗ്രത വളർത്താൻ ഇത്തരം കൊച്ചു കൂട്ടായ്മകളുടെ പ്രവർത്തനം വലിയ പ്രചോദനമാകുമെന്ന് പ്രദേശം സന്ദർശിച്ചവർ അഭിപ്രായപ്പെട്ടു.
Children led a cleaning campaign in the area outside the school.










































