#Latest News #K.M. Abhijith #MLA #Nadapuram
എടച്ചേരി: (nadapuram.truevisionnews.com) അരനൂറ്റാണ്ടുകാലം ഇടതുപക്ഷത്തിന്റെ ശക്തമായ കോട്ടയായിരുന്ന നാദാപുരം നിയോജക മണ്ഡലം ഇരുപത്തയ്യായിരത്തോളം വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ പിടിച്ചെടുത്ത നിയുക്ത എം.എൽ.എ കെ. എം. അഭിജിത്തിന് യു.ഡി.എഫ് പ്രവർത്തകർ ആവേശോജ്ജ്വലമായ സ്വീകരണം നൽകി.
മണ്ഡലത്തിന്റെ സമഗ്ര വികസനമാണ് തന്റെ ലക്ഷ്യമെന്നും അത് പൂർണ്ണമായും നടപ്പിലാക്കുമെന്നും സ്വീകരണങ്ങൾക്ക് മറുപടി പറയവേ അദ്ദേഹം പ്രഖ്യാപിച്ചു.
വോട്ടർമാർക്ക് നന്ദി രേഖപ്പെടുത്തുന്നതിനായി സംഘടിപ്പിച്ച പര്യടന പരിപാടിയുടെ മണ്ഡലം തല ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു എം.എൽ.എ.
എടച്ചേരി തലായിയിൽ നിന്നും വളരെ ആവേശത്തോടെ ആരംഭിച്ച പര്യടനം നരിക്കുന്ന് തെരു, വേങ്ങോളി, കളിയാംവെള്ളി, കാക്കന്നൂർ പുതിയങ്ങാടി ടൗൺ, ആലശ്ശേരി, കനോത്ത് മുക്ക്, കൊമ്മിളി പള്ളി, ജനതാ മുക്ക്, ചുണ്ടയിൽ തെരു, അമ്മായി മുക്ക്, പൂച്ച മുക്ക്, മീശ മുക്ക്, തുരുത്തി, തോട്ടോളി, കായപ്പനച്ചി, കയനോളി, ഇരിങ്ങണ്ണൂർ ടൗൺ, എടക്കുടി ഹെൽത്ത് സെന്റർ തുടങ്ങിയ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കോട്ടേമ്പ്രത്ത് സമാപിച്ചു.

പ്രായഭേദമന്യേ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വൻ ജനക്കൂട്ടമാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും പുതിയ ജനപ്രതിനിധിയെ വരവേൽക്കാൻ അണിനിരന്നത്.
എടച്ചേരി ഗ്രാമപഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഡോ. എം. കെ. മുനീർ അധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം ഉപാധ്യക്ഷൻ ടി. കെ. അമ്മദ് മാസ്റ്റർ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ മണ്ഡലം ജനറൽ സെക്രട്ടറി എം. പി. ജാഫർ മാസ്റ്റർ, യു.ഡി.എഫ് മണ്ഡലം കൺവീനർ ദാമു മാസ്റ്റർ, പ്രമുഖ നേതാക്കളായ മോഹനൻ പാറക്കടവ്, ആവോലം രാധാകൃഷ്ണൻ, എടച്ചേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി പി. കെ. മുഹമ്മദ്, കെ. പി. ദാമോദരൻ മാസ്റ്റർ, കുഞ്ഞബ്ദുല്ല തയ്യുള്ളതിൽ, കെ. കെ. ശറഫുദ്ദീൻ, സി.പി. സലാം, കുഞ്ഞബ്ദുള്ള അമ്പിടാട്ടിൽ, രാമചന്ദ്രൻ കള്ളിക്കുടത്തിൽ, നാസർ മടത്തിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
പഞ്ചായത്ത് യു.ഡി.എഫ് കൺവീനർ കെ. പവിത്രൻ മാസ്റ്റർ സ്വാഗതം ആശംസിച്ച ചടങ്ങിന് എം. മൊയ്തു ഹാജി നന്ദി രേഖപ്പെടുത്തി.
CONTENT HIGHLIGHTS:-KM Abhijith says comprehensive development will be implemented in Nadapuram












































