#Latest News #Nadapuram #Sparsham 2026 #Two Day Camp
നാദാപുരം: (nadapuram.truevisionnews.com) അവർ സ്നേഹം തുളുമ്പുന്ന ഹൃദയ വാതിലുകൾ തുറന്നപ്പോൾ നിറഞ്ഞൊഴുകിയത് പാട്ടും പിന്നെ കുറേ നല്ല വാക്കുകളും ഇരുകൈകൾ നീട്ടി വാരിപുണരാൻ കുറേ മനുഷ്യസ്നേഹികളും.
ഇനി രണ്ട് രാപകലുകൾ ഇവിടെ ആഹ്ലാദ ഉത്സവത്തിൻ്റെ ആരവങ്ങൾ ഉയരും. നാദാപുരത്ത് സ്പർശം 2026ന് തുടക്കമായി. "കരുതലോടെ കൈകോർക്കാം" എന്ന സന്ദേശവുമായി ടിഐഎം കമ്മറ്റിയും നാദാപുരം പാലിയേറ്റീവ് കെയറും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന സംഗമത്തിന് ഇന്ന് രാവിലെ ടിഐഎം ട്രെയിനിംഗ് കോളേജിൽ തുടക്കമായി.രോഗാവസ്ഥയിൽ കഴിയുന്നവർക്ക് മാനസികമായ ഉന്മേഷവും സമാശ്വാസവും നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു സംഗമം ഒരുക്കിയത്.
ജീവിതയാത്രയിലെ അപ്രതീക്ഷിത ദുരന്തങ്ങളാൽ ദുരിതത്തിലായവരെ ചേർത്തുനിർത്താനും അവരുടെ ജീവിതത്തിൽ സന്തോഷം പകരാനും ഈ ക്യാമ്പ് വേദിയാകും. വീടുകളിലെ അകത്തളത്തിലെ വിരസതകളിൽ നിന്ന് കാറ്റും വെളിച്ചവും ഒപ്പം കാരുണ്യത്തിൻ്റെയും സ്നേഹസ്പർശത്തിനായും കൊതിക്കുന്ന ഇരുപത്തിയഞ്ചിലധികം പേരും അവരുടെ ഉറ്റവരുമാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. റോസാപൂ നൽകി വളണ്ടിയർമാരായ വിദ്യാർത്ഥികൾ സ്വീകരിച്ചു.
അതിഥികളുടെ പാട്ടോടെയാണ് രാവിലെ പത്തിന് സംഗമം ആരംഭിച്ചത്. നാദാപുരം നരിക്കാട്ടേരിയിലെ ശ്രീന ആദ്യ ഗാനം ആലപിച്ചു. ആദ്യകാല നാടക പ്രവർത്തകനും ക്യാമ്പ് അംഗവുമായ കുറ്റിയിൽ ശ്രീധരൻ, പാറക്കടവിലെ ഫൈസൽ, മുതുവടത്തൂരിലെ അയിശുമ്മ എന്നിവരും ഒപ്പം നാദാപുരത്തെ സാമൂഹിക രാഷ്ട്രീയ പ്രവർത്തകൻ എം.പി ജാഫർ മാസ്റ്ററും ഗാനങ്ങൾ ആലപിച്ചു.
സംഗമത്തിൽ പാട്ടിൻ്റെ തേൻമഴ തീർക്കാൻ മാപ്പിള കലാ അക്കാദമി പ്രവർത്തകരുമെത്തും. സംഘാടക സമിതി ഭാരവാഹികളായ വിസി ഇഖ്‌ബാൽ, എ. റഹിം, ഫൈസൽ കണ്ണോത്ത് ,കെ. ഹേമചന്ദ്രൻ മാസ്റ്റർ, വി.പി പോക്കർ ,വി.കെ അശറഫ്, നദീർ ചാത്തോത്ത് , സി.കെ ജമീല, ടി.നഫീസ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകുന്നു.


ഇന്ന് ഉച്ചക്ക് 2.30 ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ. എം ഷാജി സംഗമത്തിൽ എത്തിച്ചേരും. കെ. എം അഭിജിത്ത് എം എൽ എ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പങ്കെടുക്കും. ഞയറാഴ്ച വൈകിട്ട് വരെ സംഗമം തുടരും.
Content Highlight: 'Sparsham 2026' launched in Nadapuram







































