#Kozhikode News #Kafir Screenshot Case #DYFI #SIT Investigation #Fake News Kerala
വടകര: (https://vatakara.truevisionnews.com/) കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഒരു ഡിവൈഎഫ്ഐ നേതാവ് കൂടി അറസ്റ്റിൽ. ഡിവൈഎഫ്ഐ നേതാവായ അമലിനെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗവും സിപിഎം കണ്ണങ്കുഴി ബ്രാഞ്ചംഗവുമായ അമലിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
നേരത്തെ തന്നെ അമലിനെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തിരുന്നു. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് വിവാദമായ വ്യാജ കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചതിൽ അമലിനും കൃത്യമായ പങ്കുണ്ടെന്ന് എസ്ഐടി കണ്ടെത്തിയത്. 'റെഡ് ബറ്റാലിയൻ' എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ഈ വ്യാജ സ്ക്രീൻഷോട്ട് ആദ്യമായി ഷെയർ ചെയ്തത് അമലാണെന്ന ഡിജിറ്റൽ തെളിവുകൾ ലഭിച്ചതോടെയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അതേസമയം വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി. കേസിൽ ആരോപണവിധേയനായതിനെ തുടർന്ന് അറസ്റ്റ് സാധ്യത മുന്നിൽ കണ്ടാണ് അദ്ദേഹം മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയത്.
കേസിൽ പ്രതി ചേർക്കപ്പെടുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് റിബേഷ് രാമകൃഷ്ണൻ കോടതിയെ സമീപിച്ചത്. അതേസമയം കേസിലെ പ്രധാന പ്രതിയായ ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ഹർജി വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി.


പ്രതി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പോലീസ് ഹർജി നൽകിയത്.ജിതിന് ജാമ്യം ലഭിച്ചതിന് ശേഷം വടകരയിലും തിരുവള്ളൂരിലും നടന്ന സ്വീകരണ പരിപാടികളിലെ അക്രമസംഭവങ്ങൾ, പോലീസിനും സർക്കാരിനുമെതിരായ വെല്ലുവിളികൾ, പ്രകോപന മുദ്രാവാക്യങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് പ്രത്യേക അന്വേഷണ സംഘം കോടതിയെ സമീപിച്ചത്.
ഈ രണ്ട് സംഭവങ്ങളിലും ജിതിനെ പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.എന്നാൽ ജാഥകളിലും സ്വീകരണ പരിപാടികളിലും പങ്കെടുക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയല്ലെന്നും പോലീസ് കേസുകൾ കെട്ടിച്ചമയ്ക്കുകയാണെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.
പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം റദ്ദാക്കണമെന്ന ഹർജി തള്ളിയത്.സാമൂഹ്യമാധ്യമങ്ങളിൽ മതപരമായ അധിക്ഷേപം അടങ്ങിയ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് വടകര കാഫിർ കേസ് രജിസ്റ്റർ ചെയ്തത്.
Content Highlight: Kozhikode Kafir Screenshot Case: DYFI Leader Amal Arrested by SIT
#Kozhikode News #Kafir Screenshot Case #DYFI #SIT Investigation #Fake News Kerala






































