#Latest news #Vadakara News #Mercy Balan Master #Mercy Institutions #Free Education #Kerala Education
വടകര: (vatakara.truevisionnews.com) സാമ്പത്തിക പരിമിതികൾ മൂലം ഒരു വിദ്യാർഥിയുടെയും ഉന്നതവിദ്യാഭ്യാസ സ്വപ്നങ്ങൾ പാതിവഴിയിൽ പൊലിയരുതെന്ന സന്ദേശവുമായി മേഴ്സി ഇൻസ്റ്റിറ്റ്യൂഷൻസ്. മുൻ സി.പി.ഐ.(എം) നേതാവും അധ്യാപകനുമായിരുന്ന മേഴ്സി ബാലൻ മാസ്റ്ററുടെ എട്ടാം ചരമവാർഷിക ദിനത്തിലാണ് നിർധന വിദ്യാർഥികൾക്ക് ആശ്വാസമാകുന്ന വലിയ പ്രഖ്യാപനം സ്ഥാപനം നടത്തിയത്.
ഓരോ വർഷവും പ്രൊഫഷണൽ കോഴ്സുകളിലേക്ക് പ്രവേശനം നേടുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളുടെ മുഴുവൻ പഠനച്ചെലവും മേഴ്സി ഇൻസ്റ്റിറ്റ്യൂഷൻസ് ഏറ്റെടുക്കും. പ്രതിഭയും അർഹതയും മാത്രമായിരിക്കും തെരഞ്ഞെടുപ്പിന്റെ മാനദണ്ഡമെന്നും, അത്തരം അർഹരായ വിദ്യാർഥികൾ ലഭ്യമല്ലാത്ത പക്ഷം മറ്റ് അർഹരായവർക്കും ഈ ആനുകൂല്യം നൽകുമെന്നും മാനേജിംഗ് ഡയറക്ടറും ബാലൻ മാസ്റ്ററുടെ ഭാര്യയുമായ ഡോ. രമാ ബാലൻ അറിയിച്ചു.
മയ്യന്നൂരിലെ വീട്ടുവളപ്പിലുള്ള സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയ്ക്കും എട്ടാം ചരമവാർഷിക അനുസ്മരണ സമ്മേളനത്തിനും ശേഷമായിരുന്നു പ്രഖ്യാപനം. ബാലൻ മാസ്റ്ററുടെ വിദ്യാഭ്യാസ ദർശനവും സാമൂഹിക പ്രതിബദ്ധതയും തലമുറകളിലേക്ക് കൈമാറാനാണ് ഈ സംരംഭമെന്ന് ഡോ. രമാ ബാലൻ കൂട്ടിച്ചേർത്തു.
സി. ടി. വിനോദ് മാസ്റ്റർ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഷനിൽ മാസ്റ്റർ, റോഷ്ണി ടീച്ചർ, ഡോ. രമാ ബാലൻ എന്നിവർ സംസാരിച്ചു. കെ. ടി. കെ. ലക്ഷ്മണൻ, റഷീദ് പുതിയോട്ടിൽ, ഗാഥ വിനോദ്, എം. വി. പ്രഭ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കെ. ജെ. ശ്രീജിത്ത് പടിക്കൽ സ്വാഗതവും വി. പി. ഷാജു നന്ദിയും പറഞ്ഞു.


അതേസമയം, സി.പി.ഐ.(എം) നേതൃത്വത്തിലും ബാലൻ മാസ്റ്ററുടെ ചരമവാർഷികം വിപുലമായി ആചരിച്ചു. പ്രഭാതഭേരിക്ക് ശേഷം മയ്യന്നൂരിലെ സ്മാരക മന്ദിരത്തിൽ സി.പി.ഐ.(എം) വടകര ഏരിയാ കമ്മിറ്റി അംഗം സ. പി. കെ. കൃഷ്ണദാസ് പതാകയുയർത്തി അനുസ്മരണ പ്രഭാഷണം നടത്തി. ലോക്കൽ സെക്രട്ടറി കെ. കെ. ദിനേശൻ, ബ്രാഞ്ച് സെക്രട്ടറി ഒ. പി. രാജൻ എന്നിവരടക്കം നിരവധി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
Content Highlight: Mercy Institutions Announces Free Professional Education on 8th Death Anniversary of Mercy Balan Master
#Latest news #Vadakara News #Mercy Balan Master #Mercy Institutions #Free Education #Kerala Education















































